ആറ്റിങ്ങൽ: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളിനെ വളർത്തുനായയെ വിട്ട് കടിപ്പിച്ചു. സംഭവം പോലീസിലറിയിക്കാൻ പറഞ്ഞയാളിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു. അക്രമം കാട്ടിയ സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. ഇടയ്ക്കോട് പേരയിൽക്കോണം അസ്ലി മൻസിലിൽ രതീഷിനാണ് (35) നായയുടെ കടിയേറ്റത്. അയൽക്കാരനായ ജോയിക്കാണ് (44) തലയ്ക്കടിയേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. ഇവരെ ആക്രമിച്ച കേസിൽ ഇടയ്ക്കോട് ചിറ്റാറ്റിൻകര പേരയിൽക്കോണം കാട്ടിൽവീട്ടിൽ സുമേഷ് (ധർമജൻ-35), സഹോദരൻ ഉമേഷ് (ഉണ്ണി-32) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ റോഡരികിലിരുന്ന സുമേഷും ഉമേഷും അതുവഴി പോയ രതീഷിനെ അസഭ്യം വിളിച്ചു. ഇതു ചോദ്യം ചെയ്ത രതീഷിനുനേരേ വളർത്തുനായയെ അഴിച്ചുവിട്ട് കടിക്കാൻ നിർദേശിച്ചു. നായ രതീഷിനെ തള്ളിയിട്ട് കടിച്ചു.

നിലവിളി കേട്ടാണ് ജോയി ഓടിയെത്തിയത്. ദേഹമാസകലം നായയുടെ കടിയേറ്റ രതീഷിനോട് സംഭവം പോലീസിലറിയിച്ചിട്ട് ആശുപത്രിയിൽ പോകാൻ ജോയി നിർദേശിച്ചു. ഇതുകേട്ട സുമേഷും ഉമേഷും ചേർന്ന് ജോയിയെ ആക്രമിക്കുകയും ടോർച്ച്കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. പോലീസിലറിയിച്ചാൽ ശരിയാക്കുമെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് ഇരുവരും വീടിനുള്ളിൽ കഴിയുകയായിരുന്നു.

ഞായറാഴ്ച വിവരമറിഞ്ഞ ജനപ്രതിനിധികളാണ് സംഭവം പോലീസിലറിയിക്കുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.

അടിയേറ്റതിനെത്തുടർന്ന് ജോയിയുടെ കാഴ്ചയ്ക്ക് പ്രശ്നമുള്ളതിനാൽ വിദഗ്ദ്ധചികിത്സയ്ക്കായി കണ്ണാശുപത്രിയിലേക്കു പോകാൻ നിർദേശിച്ചിട്ടുണ്ട്. രതീഷിന്റെയും ജോയിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. ആറ്റിങ്ങൽ ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ, എസ്.ഐ. ജിബി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.