കാസര്‍കോട്/മടിക്കൈ: കാസര്‍കോട് ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഉറങ്ങിക്കിടന്ന രണ്ടു കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. ചൗക്കി പെരിയടുക്കത്തെ ജാഫറിന്റെയും വാഹിദയുടെയും മകള്‍ മൂന്നരവയസ്സുകാരി നഫീസത്ത് മിസ്രിയയാണ് മരിച്ച ഒരു കുഞ്ഞ്. ബങ്കളം കൂട്ടപ്പുനയിലെ കെ.വി.മനോജിന്റെയും സിന്ധുവിന്റെയും മൂന്നു മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ച രണ്ടാമത്തെ കുഞ്ഞ്.

ഞായറാഴ്ച രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് നഫീസത്ത് മിസ്രിയയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മൃതദേഹപരിശോധനയ്ക്ക് നിര്‍ദേശിച്ചു.

പരിശോധന ഒഴിവാക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ അനുമതി വേണമെന്നുപറഞ്ഞ് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്കയക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, മൃതദേഹപരിശോധന ഒഴിവാക്കാന്‍ ഡോക്ടറുടെ അനുമതിയാണ് വേണ്ടതെന്നുപറഞ്ഞ് പോലീസ് തിരിച്ചയച്ചു.

പിന്നീട് ആസ്പത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവമെടുക്കുകയും മൃതദേഹപരിശോധനയ്ക്കുള്ള രേഖകള്‍ തയ്യാറാക്കി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ മൃതദേഹം പരിശോധനയ്ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ 9.30-ന് സ്രവമെടുത്തെങ്കിലും പരിശോധനയ്ക്കയച്ചത് വൈകുന്നേരം അഞ്ചിനാണെന്നും ഇക്കാരണത്താല്‍ പരിശോധനാഫലം തിങ്കളാഴ്ച വൈകുന്നേരമാണ് ലഭിച്ചതെന്നും ഫലം വൈകിയതിനാല്‍ മൃതദേഹപരിശോധന വൈകിയെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

സ്രവപരിശോധനാഫലം നെഗറ്റീവാണെന്നും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്നും ബന്ധുക്കളറിയിച്ചു. സഹോദരന്‍: ജൗഹര്‍.

ബങ്കളം കൂട്ടപ്പുനയിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് രാവിലെ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

Content Highlights: two babies died while sleeping in kasargod