തലയോലപ്പറമ്പ്: വരിക്കാംകുന്ന് ഇരട്ടാനിക്കാവ് ക്ഷേത്രത്തിന് സമീപത്തുനിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജുവിന്റെ നേതൃത്വത്തിൽ പിടികൂടി.

വരിക്കാംകുന്ന് ഭാഗത്ത് കഞ്ചാവ് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വരിക്കാംകുന്ന് മന്ദാരം വീട്ടിൽ അജയ് (22), വലിയ വീട്ടിൽ വൈശാഖ് (27) എന്നിവരെ എക്സൈസ് പിടികൂടിയത്.

ഒരുഗ്രാം ഹാഷിഷ് ഓയിലും 63 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2000 രൂപയ്ക്ക് വാങ്ങിയതായിട്ടാണ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. കഞ്ചാവ് വിൽപ്പനയ്ക്കുവേണ്ടി വാങ്ങിയതാണ്. ആവശ്യക്കാർക്ക് അഞ്ചു ഗ്രാം 500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്.അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എം.ജെ.അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.രതീഷ്കുമാർ, എസ്.ശ്യാംകുമാർ, ഇ.എ.തൻസിർ, എൻ.എസ്.സനൽ, എസ്.അജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എസ്.സുമിതാമോൾ, ഡ്രൈവർ ടി.വി.സാജു എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.