തൃശ്ശൂർ: ലഹരിഗുളികകളുമായി രണ്ട് യുവാക്കൾ തൃശ്ശൂരിൽ പിടിയിൽ. മുകുന്ദപുരം കല്ലൂർ കൊല്ലക്കുന്ന് സിയോൺ (26) തൃശ്ശൂർ മുളയം ചിറ്റേടത്ത് വീട്ടിൽ ബോണി (20) എന്നിവരെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഇൻസ്പെക്ടർ ടി. ആർ. ഹരിനന്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽനിന്ന് 500-ഓളം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.

തൃശ്ശൂരിലെ പ്രമുഖ മെഡിക്കൽ ഷോപ്പുകളിൽനിന്നും ആശുപത്രികളിൽനിന്നുമാണ് പ്രതികൾ ഈ ഗുളികകൾ വാങ്ങിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി ഇവർ ഉപയോഗിച്ചിരുന്ന ഡോക്ടർമാരുടെ കുറിപ്പടികളും മെഡിക്കൽ ഷോപ്പുകളിലെ ബില്ലുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്തത് മുതൽ ഏകദേശം 600-ലേറെ വിളികളാണ് ഇവരുടെ ഫോണുകളിലേക്ക് എത്തിയത്. ലഹരി തേടി വിളിക്കുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരായ യുവാക്കളും ഇക്കൂട്ടത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവർക്കിടയിലെ കോഡ് ഭാഷകളും സംഭാഷണങ്ങളും പ്രതികളുടെ ഫോണുകളിൽനിന്ന് കണ്ടെടുത്തു.

പില്ല് എന്നാണ് ഇത് ഉപയോഗിക്കുന്നവരും വിൽക്കുന്നവരും വിശേഷിപ്പിക്കാറുള്ളത്. 'ഡാക്കളൊക്കെ ഇപ്പോ പില്ലാണ് പൊരിക്കുന്നതെന്നും' 'എത്ര പില്ല് പൊരിക്കുമെന്നും' സംഭാഷണങ്ങളിലുണ്ടായിരുന്നു. കൂടുതലടിച്ചാൽ ലോസ്സാകുമെന്നും(മരിച്ചുപോകുമെന്ന്) കിറുക്കന്മാർ വലിയ തടസമാണെന്നും ഫോണിലെ സംഭാഷണങ്ങളിൽ പറയുന്നു. ലഹരിമരുന്ന് പിടികൂടുന്ന പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയാണ് ഇവർ കിറുക്കന്മാർ എന്ന് വിളിക്കുന്നത്. തൃശ്ശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.എ. സലീമാണ് പ്രതികളെ വിശദമായി ചോദ്യംചെയ്തത്.

ഒരു ഗുളികയ്ക്ക് 50 മുതൽ 200 രൂപ വരെയായിരുന്നു പ്രതികൾ ഈടാക്കിയിരുന്ന നിരക്ക്. നിരവധി പേർ ഇവരിൽനിന്ന് ഗുളിക വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നും പ്രതികൾ ഗുളികകൾ വാങ്ങിയ ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.

പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ്കുമാർ, സജീവ്, ടി.ആർ. സുനിൽ, ജെയ്സൺ ജോസ്, പി.എ. വിനോജ് ഉദ്യോഗസ്ഥരായ കൃഷ്ണപ്രസാദ്, എൻ.ആർ. രാജു, സനീഷ്കുമാർ, ടി.സി. വിപിൻ, എം.ജി. ഷാജു, കെ.ആർ. ബിജു, മനോജ്. നിവ്യ ജോർജ്, അരുണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights:two arrested with drugs in thrissur