എടക്കര: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നും സ്വര്‍ണക്കട്ടിയും കാറില്‍ നാടുകാണി ചുരംവഴി ജില്ലയിലേക്കെത്തിച്ച രണ്ട് യുവാക്കളെ വഴിക്കടവ് പോലീസ് പിടികൂടി. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങത്തൊടി മുഹമ്മദ് മിസ്ബാഹ് എന്നിവരാണ് പിടിയിലായത്.

ഇവരില്‍നിന്ന് 71.5 ഗ്രാം എം.ഡി.എം.എയും 227 ഗ്രാം തൂക്കമുളള സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തു. മയക്കുമരുന്നിന് വിപണിയില്‍ 2,15,000 രൂപ വിലയുണ്ട്. കള്ളക്കടത്തിന്റെ തലവന്‍ ആഷിഖാണ്. മുഹമ്മദ് മിസ്ബാഹിനെ സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു. ബെംഗളൂരുവില്‍നിന്നാണ് എം.ഡി.എം.എ. എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.ചൊവ്വാഴ്ച രാത്രി എട്ടോടെ ആനമറി ചെക്ക്‌പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പിടിയിലായ ഉടനെ അക്രമാസക്തനായ ആഷിഖ് ചെക്ക്‌പോസ്റ്റിന്റെ ജനല്‍ അടിച്ചുതകര്‍ക്കുകയും ദേഹത്ത് സ്വയം കടിച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്തു. പൂക്കോട്ടുംപാടം, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ആഷിഖിനെതിരേ നിലവില്‍ നിരവധി കേസുകളുണ്ട്.

നിലമ്പൂര്‍ ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ഷെരീഫ്, പൂക്കോട്ടുംപാടം സി.ഐ ടി.കെ. ഷൈജു, വഴിക്കടവ് സി.ഐ കെ. രാജീവ്കുമാര്‍, എസ്.ഐ സത്യന്‍, സി.പി.ഒമാരായ ഇ.ജി. പ്രദീപ്, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എം.എസ്. അനീഷ്, ടി.വി. അഖില്‍, എസ്. പ്രശാന്ത്കുമാര്‍, വിവേക്, അരുണ്‍കുമാര്‍, ഷിജി എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.