ആറ്റിങ്ങല്‍: ലഹരിമരുന്നുകളും തോക്കുമായി കാറില്‍ സഞ്ചരിച്ച രണ്ടംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. പെരുമാതുറ പുതുക്കുറിച്ചി ഷാജിദാ മന്‍സിലില്‍ എം.സനല്‍(29), തിരുവനന്തപുരം പട്ടം കൊട്ടാരകുളത്തിന്‍കര വീട്ടില്‍ എം.അനു(30) എന്നിവരാണ് അറസ്റ്റിലായത്. 650 ഗ്രാം കഞ്ചാവ്, 2.35 ഗ്രാം എം.ഡി.എം.എ., കഞ്ചാവ് വലിക്കുന്നതിനുള്ള ഹുക്ക, കുഴല്‍, തൂക്കിവില്ക്കാനുള്ള ത്രാസ്, ഒരു തോക്ക്, കഞ്ചാവ് വിറ്റ് കിട്ടിയ പണം, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ആറ്റിങ്ങല്‍ ഗവ. കോളേജിനു മുന്നില്‍വെച്ച് കാര്‍ തടഞ്ഞ് പോലീസ് പരിശോധിക്കുകയായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് കച്ചവടംചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ടി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്.ഐ.മാരായ വി.എന്‍.ജിബി, ജ്യോതിഷ് ചിറാവൂര്‍, എ.എസ്.ഐ. സലീം, എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.