തെന്മല (കൊല്ലം) : അനധികൃതമായി കൊണ്ടുവന്ന മൂന്നരക്കോടി വിലവരുന്ന തിമിംഗില വിസര്‍ജ്യവുമായി രണ്ടുപേരെ തെങ്കാശി പോലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശി ജോര്‍ജ് മിഷേല്‍റോസ്, തിരുനെല്‍വേലി താഴയത്ത് സ്വദേശി മോഹന്‍ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് ആറിന് തെങ്കാശി പഴയ ബസ് സ്റ്റാന്‍ഡിനുസമീപം വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.

പോലീസിന്റെ വാഹനപരിശോധന കണ്ടതോടെ ഇവര്‍ കാര്‍ കുറച്ചുദൂരെ നിര്‍ത്തിയത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് വിശദപരിശോധന നടത്തിയപ്പോഴാണ് 21 കിലോ തിമിംഗില വിസര്‍ജ്യം കാറില്‍ കണ്ടെത്തിയത്. ചെന്നൈയില്‍നിന്ന് കൊണ്ടുവന്നതാണെന്നു കരുതുന്നു. കസ്റ്റഡിയിലെടുത്തവരെയും കാറും കടയനല്ലൂര്‍ വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി. തെങ്കാശി ഇന്‍സ്‌പെക്ടര്‍ ബാലമുരുകന്‍, കര്‍പ്പഗരാജ, സൗന്ദര്‍രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

Content Highlights : Tenkasi police arrested two with Ambergris worth three and a half crores