കൊച്ചി: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 55 ലക്ഷം രൂപയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി റാഷിദ് (37), കാറിന്റെ ഡ്രൈവര്‍ കാലടി സ്വദേശി നിസാം (31) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. കണ്ടെയ്‌നര്‍ റോഡില്‍ ബോള്‍ഗാട്ടി ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ മുളവുകാട് ഇന്‍സ്‌പെക്ടര്‍ എ. സുനില്‍രാജ് കാര്‍ പരിശോധിച്ചപ്പോഴാണ് ബാഗില്‍ പണം കണ്ടെത്തിയത്. ഇതോടെ ബാഗുമായി ഓടി രക്ഷപ്പെടാനും റാഷിദ് ശ്രമിച്ചു. മംഗളൂരുവില്‍ ദേശീയപാതയില്‍ നടന്ന സ്വര്‍ണ മോഷണക്കേസിലെ പ്രതിയാണ് റാഷിദെന്നാണ് കരുതുന്നത്.

റാഷിദ് കൊച്ചിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് റാഷിദ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വാഹന പരിശോധനയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം.