കൊച്ചി: പിക്കപ്പ് വാനിൽ മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചവർ എക്സൈസിന്റെ പിടിയിൽ. 150 കിലോ കഞ്ചാവുമായി പാലക്കാട് കൽമണ്ഡപം സ്വദേശി നന്ദകുമാർ (27), വാളയാർ സ്വദേശി കുഞ്ഞുമോൻ (36) എന്നിവരാണ് അറസ്റ്റിലായത്.

എറണാകുളത്തെ കണ്ടെയ്നർ റോഡിൽ ആനവാതിൽ ജങ്ഷനിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇവർ പിടിയിലായത്. ഹൈദരാബാദിൽനിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും പൂട്ടിയതോടെ മയക്കുമരുന്ന് മാഫിയകൾ സജീവമാകും എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എക്സൈസ് പരിശോധന നടത്തിവരികയായിരുന്നു.

പ്രതികൾക്കെതിരേ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളും മയക്കുമരുന്ന് കേസുകളുമുണ്ട്. കുഞ്ഞുമോൻ കഞ്ചാവ് കേസിൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ആന്ധ്രയിൽനിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്സൈസ് പറഞ്ഞു. മുളവുകാട് സ്വദേശിയായ ബോട്ട് ആന്റണി എന്ന് വിളിക്കുന്നയാൾക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിനോട് പറഞ്ഞിരിക്കുന്നത്. പാലക്കാട് സ്വദേശി ശിവ ആണ് കടത്തലിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇരുവർക്കുമായി എക്സൈസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച മണ്ണാർക്കാട് നിന്ന് 25 കിലോ കഞ്ചാവുമായി മൂന്നു പേരെയും വാളയാറിൽനിന്ന് അഞ്ച് കിലോ കഞ്ചാവുമായി ഒരാളെയും സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, കെ.വി. വിനോദ്, എസ്. മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, എം. വിശാഖ്, എസ്. ഷംനാദ്, ആർ. രാജേഷ്, മുഹമ്മദ് അലി എന്നിവർ ചേർന്നാണ് പ്രതികളെ പിടിച്ചത്.