താമരശ്ശേരി: താമരശ്ശേരി കുടുക്കിലുമ്മാരത്ത് ആളൊഴിഞ്ഞവീട്ടിൽ കയറിയ രണ്ട് മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

വയനാട് ചുണ്ടേൽ വെള്ളാരംകുന്നിൽ പട്ടർ മഠത്തിൽ സാബു (43), തിരുവനന്തപുരം തിരുമല മായാവിലാസം മൈത്രിനഗറിൽ ഉദയകുമാർ (29) എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതിയായ സാബു നഞ്ചൻകോട് സ്റ്റേഷൻ പരിധിയിലും വൈത്തിരി, കല്പറ്റ, മേപ്പാടി സ്റ്റേഷൻ പരിധികളിലുമായി നിരവധി കവർച്ച നടത്തിയ അന്തസ്സംസ്ഥാന മോഷ്ടാവാണ്.

താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.പി. രാജേഷ്, എസ്.ഐ. പി.എൻ. മുരളിധരൻ, എസ്.ഐ. ബിജു, എസ്.സി. പി.ഒ. ലിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇരുവരെയും താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി. കോഴിക്കോട് സ്പെഷ്യൽ സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.

മോഷ്ടാക്കളെ കുടുക്കിയത് ടോർച്ച് ലൈറ്റ്

ആറുവർഷംമുമ്പ് പുറത്തിറങ്ങിയ 'സപ്തമ.ശ്രീ.തസ്കരാഃ' എന്ന മലയാളചലച്ചിത്രത്തിലെ ഒരു കള്ളൻ കഥാപാത്രം ചെയ്ത അബദ്ധത്തിലെ സമാനതയാണ് കുടുക്കിലുമ്മാരത്ത് കവർച്ചയ്ക്കെത്തിയ പ്രതികളെ വലയിലാക്കിയത്.

വാടകയ്ക്കെടുത്ത് ഉദയകുമാറിന്റെ സഹോദരൻ ഓടിച്ച കാറിൽ ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് പ്രതികൾ താമരശ്ശേരിയിലെത്തിയത്. വയനാട്ടിൽ നിന്നും പാലക്കാട് വഴി മധുരയിലേക്ക് പോവുന്ന വഴി 'വട്ടച്ചെലവിനുള്ള തുക' കണ്ടെത്താനാണ് സാബുവും സഹായിയായ ഉദയകുമാറും കവർച്ചചെയ്യാൻ പറ്റിയ അടച്ചിട്ടവീട് നോക്കിയിറങ്ങിയത്.

ഇരുവരെയും ഇറക്കിയശേഷം ഉദയകുമാറിന്റെ സഹോദരൻ മധുരയിലേക്ക് പോയെന്നാണ് പ്രതികൾ ചോദ്യംചെയ്യലിനിടെ പറഞ്ഞതെങ്കിലും മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കവർച്ചാസംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.

നേരത്തെ നിരവധി കവർച്ചാകേസുകളിൽ പ്രതിയായ സാബുവിന്റെ അത്ര 'പ്രൊഫഷണൽ' ആവാതിരുന്ന ഉദയകുമാറിന്റെ അശ്രദ്ധയാണ് ഇരുവരെയും കുടുക്കിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. വീടിനകത്ത് കയറി കവർച്ച നടത്തുന്നതിനിടെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കാൻ ഉദയകുമാറിനെ സാബു ചട്ടം കെട്ടിയിരുന്നു. എന്നാൽ അകത്തിരുന്നുകൊണ്ട് പുറത്തേക്ക് ടോർച്ചടിച്ച് ആളനക്കമുണ്ടോയെന്ന് പരിശോധിക്കുകയാണ് ഉദയകുമാർ ചെയ്തത്. ആളില്ലാത്ത വീട്ടിൽനിന്നും ഇടയ്ക്കിടെ ടോർച്ച് വെളിച്ചം പുറത്തേക്ക് വരുന്നത് കണ്ടപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയതും മോഷ്ടാക്കളുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇരുവരെയും പിടികൂടിയതും.

കാരാടിയിൽ കടകളിൽ മോഷണശ്രമം

ക്രിസ്മസ് ദിനത്തിന് തലേന്ന് രാത്രി താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കാരാടിയിലെ രണ്ട് കടകളിലും മോഷണശ്രമം നടന്നു. കട തുറക്കാനായി എത്തിയ കടയുടമകൾ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയതോടെ താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കുടുക്കിലുമ്മാരത്ത് പിടിയിലായ പ്രതികളല്ല കാരാടിയിലെ മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമികനിഗമനമെന്നും പോലീസ് അറിയിച്ചു.

Content Highlights:two arrested while theft attempt in thamarassery