വേങ്ങര: വേങ്ങര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടുമോഷണങ്ങള്‍. ബുധനാഴ്ച രാവിലെ നടന്ന മാലമോഷണക്കേസില്‍ വൈകുന്നേരത്തോടെ പ്രതികള്‍ പിടിയിലായി.

വലിയോറ ചുള്ളിപ്പറമ്പ് തെക്കേവീട്ടില്‍ ഫൗസുള്ള (19), വലിയോറ ചുള്ളിപ്പറമ്പ് തെക്കേവീട്ടില്‍ മിസ്ഹാബ് (18) എന്നിവരാണ് പിടിയിലായത്. വേങ്ങര ചുള്ളിപ്പറമ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ ആറരയോടെ മുറ്റമടിക്കുകയായിരുന്ന കുറുകപുരയ്ക്കല്‍ പങ്കജവല്ലി എന്ന അമ്മു (61)വിനെ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് മുളകുപൊടി വിതറി കഴുത്തില്‍നിന്ന് ആഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മോഷ്ടാക്കള്‍ എത്തിയതെന്ന് കരുതുന്ന മോട്ടോര്‍ സൈക്കിള്‍ തൊട്ടടുത്ത വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായി കണ്ടെത്തി. ഇതിന്റെ പിന്‍ഭാഗത്തെ നമ്പര്‍പ്ലേറ്റ് പൂര്‍ണമായി നീക്കംചെയ്ത നിലയിലും മുന്നിലെ നമ്പര്‍പ്ലേറ്റ് തോര്‍ത്തുകീറി പൊതിഞ്ഞ് മറച്ച നിലയിലുമായിരുന്നു. മാലമോഷണത്തിന് ഉപയോഗിച്ച വാഹനം പെരുമണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് പറഞ്ഞു. 

ഡോഗ് സ്‌ക്വാഡും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഊരകം മമ്പീതിയിലെ വള്ളിക്കാടന്‍ സൈനുദ്ദീന്റെ അടച്ചിട്ട വീട്ടില്‍ ഞായറാഴ്ച മോഷണം നടന്നിരുന്നു. ഇവിടെനിന്ന് 50 പവന്‍ സ്വര്‍ണാഭരണവും 1,40,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാര്‍ വീടടച്ച് കാരത്തോട്ടിലെ ബന്ധുവീട്ടില്‍ പോയസമയത്തായിരുന്നു മോഷണം.