വര്‍ക്കല: ഇടവയില്‍ റെയില്‍വേ ട്രാക്കില്‍ തെങ്ങിന്‍തടി കയറ്റിവെച്ച് അട്ടിമറിശ്രമം. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസിലെ എന്‍ജിനിലെ കാറ്റില്‍ഗാര്‍ഡിന് കേടുപറ്റി. പ്രതികളെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പോലീസ് പിടികൂടി. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ്(27), ഇടവ കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു(30) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച രാത്രി 12.50-ഓടെ ഇടവ, കാപ്പില്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ പാറയില്‍ ഭാഗത്താണ് പാലത്തില്‍ തെങ്ങിന്‍തടി കൊണ്ടുവെച്ചത്. ചെന്നൈയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള 06127-ാം നമ്പര്‍ എക്സ്പ്രസ് തീവണ്ടി കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് തെങ്ങിന്‍തടി കയറ്റിവെച്ചത്.

തീവണ്ടി തടിയില്‍ ഇടിക്കുകയും എന്‍ജിനിലെ കാറ്റില്‍ ഗാര്‍ഡിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തി എന്‍ജിനില്‍ കുരുങ്ങിക്കിടന്ന തടിക്കഷണം മാറ്റിയശേഷമാണ് യാത്ര തുടര്‍ന്നത്.

തടിയുടെ കഷണം കൊല്ലം ആര്‍.പി.എഫ്. പോസ്റ്റിലെത്തിച്ച് വിവരം അറിയിച്ചു. കേരള റെയില്‍വേ പോലീസ് ചീഫ് രാജേന്ദ്രന്റെ നിര്‍ദേശാനുസരണം എറണാകുളം ഡിവൈ.എസ്.പി. കെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനു പ്രത്യേകസംഘം രൂപവത്കരിച്ചു. സംഭവസ്ഥലത്ത് പുലര്‍ച്ചെയോടെ അന്വേഷണസംഘമെത്തി നൂറോളം പ്രദേശവാസികളോടും റെയില്‍വേ ജീവനക്കാരോടും നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ ട്രാക്കില്‍ ഇടാനായി തടി എടുത്തുകൊണ്ടുവന്ന സ്ഥലം വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹ, കൊല്ലം സ്റ്റേഷന്‍ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ഇന്റലിജന്‍സ് സ്‌ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവര്‍ക്കെതിരേ റെയില്‍വേ ആക്ടനുസരിച്ച് കേസെടുത്തു. അട്ടിമറി ശ്രമമായിരുന്നോയെന്നും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും വിശദമായി അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ജനുവരി 17-ന് സംഭവം നടന്നതിനു സമീപം മലബാര്‍ എക്സ്പ്രസില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പ്രത്യേകസംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ ചീഫിന്റെ നിര്‍ദേശപ്രകാരം പ്രദേശത്ത് ശക്തമായ നിരീക്ഷണവും പട്രോളിങ്ങും ഏര്‍പ്പെടുത്തി.