കോട്ടയം: നഗരമധ്യത്തിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ടശേഷം വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതികളെ കണ്‍ട്രോള്‍ റൂം പോലീസ്സംഘം പിടികൂടി.
കഞ്ഞിക്കുഴി കൊച്ചുപറമ്പില്‍ അനീഷ് (39), കൊല്ലം ആയൂര്‍ തോട്ടുകര പുതുവീട്ടില്‍ ജനാര്‍ദനന്‍ (49) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസ് ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മോഷ്ടിച്ചെടുത്ത നാലരപ്പവന്‍ സ്വര്‍ണമാലയും ഇവരില്‍നിന്ന് പിടിച്ചെടുത്തു.
ഞായറാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. ജനാര്‍ദനനും അനീഷും സാധാരണദിവസങ്ങളില്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടക്കുകയാണ് പതിവ്. ഭിക്ഷയെടുത്തോ ആക്രിസാധനങ്ങള്‍ മോഷ്ടിച്ചുവിറ്റോ കണ്ടെത്തുന്ന പണം മദ്യപിക്കുന്നതിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. മാമ്മന്‍ മാപ്പിള ഹാള്‍ ഭാഗത്തുനിന്ന് മാര്‍ക്കറ്റിനുള്ളിലേക്കുള്ള ഇടവഴിയിലെ ആളൊഴിഞ്ഞ വീട് കണ്ടെത്തിയശേഷം വയോധികയോട് സഹായം ആവശ്യപ്പെട്ടു. ഇവര്‍, പണം നല്‍കിയശേഷം പ്രതികള്‍ക്ക് വെള്ളവും ചായയും നല്‍കി.
ഇതിനിടെ വയോധികയുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതോടെ കണ്‍ട്രോള്‍ റൂം പോലീസ്സംഘം സ്ഥലത്തെത്തുകയും പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.
Content Highlights: two arrested in theft case kottayam