ഒഞ്ചിയം: കഴിഞ്ഞ മാര്‍ച്ച് 19-ന് ഉച്ചയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന കല്ലാമല ദേവീകൃപയില്‍ എത്തി വീട്ടമ്മയായ സുലഭയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ രണ്ടുപ്രതികളെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു. വാണിമേല്‍ കൊടിയൂറ പടിഞ്ഞാറെ വാഴചാണ്ടിയില്‍ സന്ദീപ് (30), താമരശ്ശേരി കാഞ്ഞിരത്തിങ്കല്‍ അര്‍ജുന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

സംഭവം നടക്കുന്നതിനുമുമ്പ്, വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആവശ്യത്തിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തേക്ക് അയക്കുകയും സുലഭയെ ആക്രമിച്ച് നാലരപ്പവന്‍ സ്വര്‍ണാഭരണം കവരുകയുമായിരുന്നു. നാടിനെ നടുക്കിയ സംഭവത്തില്‍ പോലീസ് അന്നു തന്നെ പരിസരങ്ങളിലെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ച് രേഖാചിത്രം പുറത്തുവിട്ടിരുന്നു .

തുടര്‍ന്നുനടത്തിയ വിശദനിരീക്ഷണത്തിലാണ് കുഞ്ഞിപ്പള്ളി ടൗണില്‍ ബസില്‍ വന്നിറങ്ങുന്ന പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പോലീസ് പുറത്തുവിട്ടത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ വടകരയിലെ ലോഡ്ജില്‍വെച്ചാണ് ഒരു പ്രതിയെ പിടികൂടിയത്. അയാളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഒന്നാം പ്രതിയെ താമരശ്ശേരിയില്‍വെച്ച് പിടികൂടി.

പ്രതികളെ സംഭവം നടന്ന വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. 50-ഓളം നിരീക്ഷണക്യാമറകള്‍ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചു. പ്രതികളെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സി.ഐ. ശിവന്‍ ചോടോത്ത്, എസ്.ഐ. സുമേഷ് കെ.വി., എസ്.ഐ. സേതുമാധവന്‍, സുനില്‍ദാസ്, വരുണ്‍, സി.എച്ച്. ഗംഗാധരന്‍, യൂസഫ്, ഷനോജ്, സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.