വിതുര: യുവാവിനെ വീട്ടില്‍ക്കയറി കുത്തി ക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരീ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികള്‍ പിടിയില്‍. വിതുര കാലങ്കാവ് ചപ്പാത്ത് വിദ്യാഭവനില്‍ വിശാഖ് എന്ന വിപിനെ(30) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പനവൂര്‍ അംബേദ്കര്‍ ഗ്രാമത്തില്‍ കൃപാ ഭവനില്‍ ബിനോമോന്‍(32), തോന്നയ്ക്കല്‍ അറഫ മന്‍സിലില്‍ അല്‍സാജ് (29) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റുചെയ്തത്.

വയറില്‍ ആഴത്തില്‍ കുത്തേറ്റ വിപിന്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ബിനോമോന്റെ ഭാര്യ വിദ്യ കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി വിതുരയിലുള്ള സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. വിദ്യയെ ആക്രമിച്ചു കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിരവധി കേസുകളിലെ പ്രതിയായ അല്‍സാജുമൊത്ത് വിതുരയിലെത്തിയതെന്ന് ബിനോമോന്‍ മൊഴി നല്‍കിയതായി വിതുര സി.ഐ. എസ്.ശ്രീജിത്ത് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തി വിദ്യയെ ആക്രമിക്കാന്‍ ശ്രമിച്ചത് സഹോദരന്‍ വിപിന്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം.

വാക്കേറ്റത്തിനിടെയാണ് വിപിന് കുത്തേറ്റത്. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയില്‍ അല്‍സാജിന് പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. അല്‍സാജിന്റെ പേരില്‍ നെടുമങ്ങാട്, മംഗലപുരം, കഠിനംകുളം, കഴക്കൂട്ടം, പോത്തന്‍കോട്, തുമ്പ, വര്‍ക്കല തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, മോഷണം, പിടിച്ചുപറി, അടിപിടി ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ക്കേസുകള്‍ നിലവിലുണ്ട്.

സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, ജി.എസ്.ഐ. ബാബുരാജ്, എ.എസ്.ഐ. സജു, സി.പി.ഒ. മുഹമ്മദ് അസ്ലം ഷാ, സി.പി.ഒ. സുജിത്ത്, എസ്.സി.പി..ഒ. പ്രദീപ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.