ഒല്ലൂര്‍: ഇലക്ഷന്‍ സ്‌ക്വാഡ് ചമഞ്ഞ് പച്ചക്കറി ലോറി തടഞ്ഞുനിര്‍ത്തി 94 ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി വലിയവെളിപറമ്പില്‍ സതീഷ് (30), കണ്ണൂര്‍ ചിറക്കല്‍ പുതിയതെരുവ് സ്വദേശി മുബാരക് (27) എന്നിവരെയാണ് ഒല്ലൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞമാസം 22-ന് വെളുപ്പിന് കുട്ടനെല്ലൂര്‍ ദേശീയപാതയിലായിരുന്നു സംഭവം.

കാറില്‍ ഇലക്ഷന്‍ അര്‍ജന്റ് എന്ന സ്റ്റിക്കര്‍ പതിച്ച വാഹനത്തിലെത്തിയ പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ മറ്റ് എട്ടുപേര്‍ ഒളിവിലാണ്. തിരുവനന്തപുരത്തുള്ള രാജീവ് ഭായ്, കണ്ണൂര്‍ സ്വദേശി ദീപു എന്നിവര്‍ ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍നിന്ന് പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയിരുന്ന ലോറി വഴിയില്‍ കാത്തുനിന്ന സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറി ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ വിളിച്ചിറക്കി കാറില്‍ കയറ്റി പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപമെത്തിച്ച് അര മണിക്കൂറോളം ചോദ്യം ചെയ്ത് തിരികെ ലോറിക്കു സമീപത്തേക്ക് തന്നെ എത്തിക്കുകയായിരുന്നു.

ലോറി ഉടമയുടെ സ്വര്‍ണം തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്തി കിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നത്. ഇത് വാഹനത്തിനു പിന്നിലെ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ മറ്റൊരു ചാക്കിലാണ് സൂക്ഷിച്ചുവെച്ചിരുന്നത്.

കവര്‍ച്ചസംഘം ജീവനക്കാരെ കാറില്‍ കയറ്റിക്കൊണ്ടുപോയി തിരിച്ചെത്തിച്ചയുടനെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ചയുടെ കാര്യം ബോധ്യപ്പെട്ടത്. പിന്നീട് ഇവര്‍ ലോഡ് ഇറക്കിയ ശേഷം ഉടമയോടൊപ്പമെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ചയിലെ മുഖ്യപ്രതികള്‍ മുങ്ങിയതായാണ് സൂചന. കുഴല്‍പ്പണം തട്ടുന്ന അന്തസ്സംസ്ഥാന കവര്‍ച്ചസംഘമാണ് ഇവരെന്നും പോലീസ് പറഞ്ഞു. ഒല്ലൂര്‍ എസ്.എച്ച്.ഒ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.