ഇലവുംതിട്ട: വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

തിരുവനന്തപുരം ഉളിയാഴത്തുറ കേരളാദിത്യപുരം ബഥേല്‍ വീട്ടില്‍ വി.എസ്.അമല്‍ (25), തിരുവനന്തപുരം ഉള്ളൂര്‍ നാലാഞ്ചിറ വയമ്പക്കോണം അവിട്ടം വീട്ടില്‍ ജെ.എസ്. അതുല്‍(24) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ട്രെയിന്‍ യാത്രയ്ക്കിടയിലാണ് കുട്ടി ഇവരെ പരിചയപ്പെട്ടത്.

മൊബൈല്‍ നമ്പറുകള്‍ പലവട്ടം മാറ്റി ഇരുവരും പലയിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

തിരുവനന്തപുരത്ത് ഇവരുണ്ടെന്നറിഞ്ഞെത്തിയ പോലീസ് അമലിനെ തുമ്പയില്‍നിന്നും അതുലിനെ നാലാംചിറയില്‍നിന്നും അറസ്റ്റ് ചെയ്തു.

ഇലവുംതിട്ട എസ്.എച്ച്.ഒ. ഒ.അയൂബ് ഖാന്‍, എസ്.ഐ. വിഷ്ണു എസ്.സത്യദാസ്, എ.എസ്.ഐ. വിജയകുമാര്‍, എസ്.സി.പി.ഒ.മാരായ സന്തോഷ് കുമാര്‍, മനോജ് കുമാര്‍, സുരേഷ് കുമാര്‍, സി.പി.ഒ.മാരായ താജുദ്ദീന്‍, നിധീഷ് കുമാര്‍, ശ്യാംകുമാര്‍, ശ്രീജിത്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.