പനമരം: റിസോർട്ടിൽ മുറിയെടുത്ത് വണ്ടിച്ചെക്ക് നൽകി കടന്നുകളയാൻ ശ്രമിച്ച രണ്ടു പേരെ കേണിച്ചിറ പോലീസ് അറസ്റ്റുചെയ്തു.
എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടി ചുവരത്തോട് മാലിക്കുടി വീട്ടിൽ ജോഷി എം. വർഗീസ് (45), സഹായി തിരുവനന്തപുരം കാട്ടാക്കട ആമച്ചൻ ആരവംകോണം ഗീകോൺപുരം വീട്ടിൽ ക്രിസ്റ്റഫർ (37) എന്നിവരാണ് പിടിയിലായത്.
കേണിച്ചിറ എടക്കാടിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് പണം നൽകാതെ കടന്നുകളയാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജോഷി കേണിച്ചിറയിലെ റിസോർട്ടിലെത്തി റിസർവ് ബാങ്ക് ഉദ്യോഗസ്ഥനെന്ന പേരിൽ മുറിയെടുത്തത്. ജോഷിയോടൊപ്പം അഞ്ചുപേരും ഉണ്ടായിരുന്നു.
മടങ്ങവേ പണം ചോദിച്ചപ്പോൾ കള്ളച്ചെക്കുനൽകി കബളിപ്പിച്ചപ്പോൾ റിസോർട്ട് ഉടമ കേണിച്ചിറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 47,000 രൂപയോളമാണ് റിസോർട്ടിൽ ബില്ലുണ്ടായിരുന്നത്.
ചോദ്യംചെയ്തതോടെയാണ് ജോഷിയും ക്രിസ്റ്റഫറും വൻ തട്ടിപ്പുസംഘത്തിൽപ്പെട്ടവരാണെന്നും ജോഷി റഹോബോത്ത് ഇന്റർനാഷണൽ ഡിജിറ്റൽ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന വെബ്സൈറ്റ് വഴി ഹരിയാണയിലെ സൂപ്പർ പ്ലേസ്മെന്റ് സർവീസ് എന്ന വ്യാജ റിക്രൂട്ടിങ് ഏജൻസിയുമായി തട്ടിപ്പുനടത്തിയതും പറഞ്ഞത്. ക്രിപ്റ്റോ കറൻസിയുടെ മറവിൽ പണം തട്ടിപ്പുനടത്തുകയും കാനഡയിലും ന്യൂസീലൻഡിലും വിസ വാഗ്ദാനംചെയ്ത് മൂന്നുകോടിയോളം രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ, എസ്.ഐ. വി.ആർ. അരുൺ, എ.എസ്.ഐ.മാരായ വി.കെ. ഏലിയാസ്, കെ. രമേശൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.