മുളന്തുരുത്തി: ബേക്കറികളിലും ഹോട്ടലുകളിലും നിന്ന് ഭക്ഷണം വാങ്ങി അതിൽ ജീവികളെ ഇട്ട ശേഷം ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പോലീസ് പിടികൂടി. വ്യാഴാഴ്ച മുളന്തുരുത്തിയിലെ ബേക്കറിയിൽനിന്നും വെള്ളിയാഴ്ച അരയൻകാവിലെ ബേക്കറിയിൽനിന്നും ഇതേ രീതിയിൽ പണം തട്ടിയതോടെ പോലീസ് ഇവരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

കോട്ടയം ജില്ലയിലെ ചെമ്പ് ജഗദംബിക ക്ഷേത്രത്തിനു സമീപം പറയിപ്പറമ്പിൽ അക്ഷയകുമാർ (22), ചെമ്പ് മുറിഞ്ഞപുഴ കുന്നുവേലിൽ അഭിജിത്ത് ((21) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്. മുളന്തുരുത്തിയിൽ തട്ടിപ്പു നടത്തിയ സംഘത്തിലുണ്ടായിരുന്ന കണ്ടനാട് സ്വദേശി വട്ടുക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന പ്രവീൺ (25) ഒളിവിലാണ്.

വ്യാഴാഴ്ച മുളന്തുരുത്തി പള്ളിത്താഴത്തെ ബേക്കറിയിൽനിന്ന് ചെമ്പ് സ്വദേശി അക്ഷയകുമാറും വട്ടുക്കുന്നിൽ വാടകയ്ക്കു താമസിക്കുന്ന പ്രവീണും ചേർന്ന് സമോസ പാഴ്സൽ വാങ്ങിക്കൊണ്ടുപോയി. കുറച്ചു കഴിഞ്ഞ് ഇരുവരും തിരിച്ച് ബേക്കറിയിലെത്തി സമോസയിൽ ചത്ത പല്ലിയുണ്ടായിരുന്നെന്നു പറഞ്ഞ് ബഹളം െവച്ചു. ആളു കൂടിയതോടെ ചത്ത പല്ലി ഉള്ളിൽ ചെന്നെന്നും തല കറങ്ങുന്നെന്നും സുഖമില്ലെന്നും പറഞ്ഞതോടെ ബേക്കറിയുടമ ഇവരെ മുളന്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

കാര്യമായ അസുഖങ്ങളില്ലെന്നു കണ്ടെങ്കിലും തങ്ങളിത് ഫെയ്സ്ബുക്കിലിടുമെന്നു പറഞ്ഞ് ഭീഷണി തുടർന്നു. നഷ്ടപരിഹാരമായി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും 20,000 രൂപ നൽകി ഒഴിവാക്കുകയായിരുന്നു.

വെള്ളിയാഴ്ച അരയൻകാവിലെത്തിയ രണ്ട് യുവാക്കൾ ഒരു ബേക്കറിയിൽനിന്ന് പഫ്സ് വാങ്ങിക്കൊണ്ടുപോയി. പിന്നീട് പല്ലിയെ കണ്ടെത്തിയെന്നു പറഞ്ഞ് ഇവിടെയും മുളന്തുരുത്തിയിലേതിനു സമാനമായ പ്രകടനങ്ങൾ നടത്തി. ഇവരെ പൂത്തോട്ടയിലെ ക്ലിനിക്കിലെത്തിച്ച ശേഷം ബേക്കറിയുടമയെ ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടു. എന്നാൽ 3,000 രൂപ നൽകി പ്രശ്നമവസാനിപ്പിച്ചു.

അത്രയും സമയം തല കറങ്ങുന്നുവെന്നും ഛർദിക്കണമെന്നും മറ്റും പറഞ്ഞ യുവാക്കൾ പണം കിട്ടിയ ശേഷം ഉടൻ ഇവരുടെ ബൈക്ക് ഓടിച്ചുപോയി. ഇതോടെ സംശയം തോന്നിയ വ്യാപാരികൾ മുളന്തുരുത്തിയിലെ വ്യാപാരികളുമായി പ്രശ്നം ചർച്ച ചെയ്തു. അപ്പോഴാണ് തലേ ദിവസം സമോസയിൽ പല്ലിയുടെ തലയിട്ട് ബേക്കറിയുടമയിൽനിന്ന് പണം തട്ടിയ സംഭവമറിഞ്ഞത്. തുടർന്ന് വ്യാപാരി വ്യവസായി നേതാക്കൾ പോലീസിൽ പരാതി നൽകി.

പോലീസ് തന്ത്രപരമായി അരയൻകാവിൽ തട്ടിപ്പു നടത്തിയ രണ്ടംഗ സംഘത്തിലെ അഭിജിത്തിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെയാണ് ചത്ത പല്ലിയെ ഇട്ട് തട്ടിപ്പു നടത്തുന്ന സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് അരയൻകാവിലും മുളന്തുരുത്തിയിലും തട്ടിപ്പു നടത്തിയ ഒന്നാം പ്രതി അക്ഷയകുമാറിനെ അഭിജിത്തിനെക്കൊണ്ടു വിളിപ്പിച്ച് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് മുളന്തുരുത്തിയിൽ അക്ഷയ കുമാറിനൊപ്പം തട്ടിപ്പിൽ പങ്കെടുത്ത കണ്ടനാട് കൂത്തുപറമ്പ് സ്വദേശി പ്രവീണിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

അക്ഷയകുമാറാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്നും തൃപ്പൂണിത്തുറ, വൈക്കം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ബേക്കറികളിലും ഹോട്ടലുകളിലും നിന്ന് പാഴ്സൽ വാങ്ങിയ ശേഷം ജന്തുക്കളെയിട്ട് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

അക്ഷയകുമാറിനൊപ്പം കൂടുതൽ പേർ തട്ടിപ്പിൽ പങ്കെടുത്തിട്ടുണ്ടാവുമെന്നാണ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. ഇ.വി. രാജു, എ.എസ്.ഐ. കൃഷ്ണകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് കെ. ഫിലിപ്പ്, അനിൽകുമാർ, എൽദോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:two arrested in mulanthuruthy for cheating and money extorting case