താമരശ്ശേരി: കോടഞ്ചേരിയിലെ മൊബൈല്‍ഷോപ്പില്‍നിന്ന് 15 ഫോണുകള്‍ കവര്‍ന്ന കേസിലെ രണ്ടുപ്രതികള്‍ പിടിയില്‍. മുക്കം മുരിങ്ങമ്പുറായി പൂവത്തിക്കല്‍ വീട്ടില്‍ അജാസ് (20), മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടില്‍ മുഹ്സിന്‍ (20) എന്നിവരെയാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡ് പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പതിനഞ്ചുഫോണുകളില്‍ ഏഴ് മൊബൈലുകള്‍ വിറ്റതായും എട്ടുഫോണുകള്‍ പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി തെയ്യത്തുംകടവ് പാലത്തില്‍നിന്നും ഇരുവഴിഞ്ഞിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍, കൊടിയത്തൂര്‍-ചേന്ദമംഗലൂര്‍ റോഡിലെ തെയ്യത്തുംകടവ് പാലത്തിന് താഴെ പോലീസും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ഫോണുകള്‍ കണ്ടെത്താനായില്ല.

താമരശ്ശേരി ഡിവൈ.എസ്.പിഭയുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എസ്.ഐഭമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രവീണ്‍കുമാര്‍, എസ്.ഐ. മാരായ കെ.സി. അഭിലാഷ്, വി. പത്മനാഭന്‍, സിപിഒ. ജിനേഷ് കുര്യന്‍, സി.കെ. സനല്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.

നവംബര്‍ 20-ന് പുലര്‍ച്ചെ 2.50-നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈല്‍സില്‍ പ്രതികള്‍ കവര്‍ച്ചനടത്തിയത്. ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതികള്‍ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയശേഷം അകത്തുകയറി പുതിയ മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നു.

കവര്‍ന്ന മൊബൈല്‍ഫോണുകളില്‍ ഏഴെണ്ണം പിന്നീട് അരീക്കോട്, കുന്ദമംഗലം, തിരൂര്‍, കല്‍പ്പറ്റ, കോയമ്പത്തൂര്‍, എന്നിവിടങ്ങളിലെ മൊബൈല്‍ഷോപ്പുകളില്‍ വിറ്റു. വിറ്റ ഫോണുകളില്‍ മൂന്നെണ്ണം അന്വേഷണസംഘം പിന്നീട് കണ്ടെടുത്തു.

പ്രതികള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് പറയുന്ന ഫോണുകള്‍ കിട്ടുന്നവര്‍ കോടഞ്ചേരി സ്റ്റേഷനിലോ മുക്കം സ്റ്റേഷനിലോ വിവരം നല്‍കണമെന്ന് പോലീസ് അറിയിച്ചു.