മാവേലിക്കര: അച്ചൻകോവിലാറ്റിൽ ഒരുവർഷം മുൻപ് ജീർണാവസ്ഥയിൽ കാണപ്പെട്ട അജ്ഞാത മൃതദേഹം കാണാതായ ചെട്ടികുളങ്ങര സ്വദേശിയായ യുവാവിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു.

2020 മാർച്ച് ഒന്നിനാണ് അച്ചൻകോവിലാറ്റിൽ വലിയപെരുമ്പുഴ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. ഇത് ചെട്ടിക്കുളങ്ങര കൈതവടക്ക് കുന്നേൽ വിനോദിന്റെ (34) മൃതദേഹമാണെന്ന് പോലീസ് ഡി.എൻ.എ.പരിശോധനയിലൂടെ തിരിച്ചറിയുകയായിരുന്നു. 2020 ഫെബ്രുവരി 28-നാണ് വിനോദിനെ കാണാതായത്. മരണവുമായി ബന്ധപ്പെട്ട് ചെട്ടിക്കുളങ്ങര പേള ഷിബുഭവനം കെ. ഷിബു (32), പേള കൊച്ചുകളീക്കൽ ആർ. അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

സ്വവർഗരതിക്കായി ബലംപ്രയോഗിച്ചു കൊണ്ടുപോയ വിനോദ് പുഴയിൽ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജീർണിച്ചനിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സംഭവസമയത്ത് ബന്ധുക്കൾക്ക് തിരിച്ചറിയാനായിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കൊല്ലത്തെ പൊതുശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. മൃതദേഹപരിശോധനാവേളയിൽ ശേഖരിച്ച സാംപിളുകളും വിനോദിന്റെ പിതൃസഹോദരന്റെ സാംപിളുകളും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ ഡി.എൻ.എ. പരിശോധന നടത്തി. കഴിഞ്ഞ ജനുവരിയിൽ ലഭിച്ച ഡി.എൻ.എ. പരിശോധനാഫലമനുസരിച്ച് മരിച്ചതു വിനോദാണെന്ന് പോലീസ് ഉറപ്പാക്കി.

രാസപരിശോധനാ റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് തെളിഞ്ഞ സംഭവത്തിലെ തുടരന്വേഷണമാണ് പ്രതികളെ കുടുക്കിയത്. 2020 ഫെബ്രുവരി 28-ന് വിനോദിനെ രണ്ടുപേർ ബൈക്കിൽ പിന്തുടർന്നശേഷം ഓടിച്ചിട്ടുപിടിച്ച് ബൈക്കിൽ കയറ്റി വലിയപെരുമ്പുഴ ഭാഗത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ പനച്ചമൂട് ജങ്ഷനു സമീപത്തെ ക്യാമറകളിൽനിന്നു പോലീസിനു ലഭിച്ചിരുന്നു. അന്ന് ഷിബുവിനെയും അനിലിനെയും പോലീസ് ചോദ്യംചെയ്തെങ്കിലും വിനോദിനെ തട്ടാരമ്പലത്തിൽ ഇറക്കിവിട്ടു എന്നായിരുന്നു മൊഴിനൽകിയത്. മരിച്ചത് വിനോദാണെന്നു സ്ഥിരീകരിക്കാത്തതിനാൽ ഇരുവരെയും ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.

ശാസ്ത്രീയപരിശോധനാ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നു നടത്തിയ രഹസ്യാന്വേഷണത്തിൽ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്.

Content Highlights:two arrested in mavelikkara in murder case