കോഴിക്കോട്: ഓൺലൈൻ പഠനത്തിനായി വീട്ടിലെ മൊബൈൽ ഫോൺ ലഭിച്ചപ്പോൾ ഒമ്പതാംക്ലാസുകാരി ഇൻസ്റ്റഗ്രാമിലും ഒരു അക്കൗണ്ട് തുറന്നു. അവിടെ പുതിയ ഫോളോവിങ് റിക്വസ്റ്റുകൾ തേടിയെത്തി. അതിലൊരു റിക്വസ്റ്റായിരുന്നു പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷറഫലി(25)യുടേതും. പക്ഷേ, വെറും സൗഹൃദത്തിനപ്പുറം ഷറഫലി പെൺകുട്ടിക്കായി ഒരുക്കിവെച്ചത് വലിയ കെണിയായിരുന്നു. സൗഹൃദം പീഡനത്തിനും ഭീഷണിക്കും വഴിമാറി. ഒടുവിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതോടെ ഷറഫലിയെയും സുഹൃത്ത് രാഗേഷി(22)നെയും കസബ പോലീസ് കൈയോടെ പിടികൂടി.

ഓഗസ്റ്റ് 13-ാം തീയതിയാണ് പെൺകുട്ടിയുടെ കുടുംബം കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശി ഷറഫലിയും ഇയാളുടെ സുഹൃത്ത് രാഗേഷും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കി. തൊട്ടടുത്ത ദിവസം തന്നെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തി പാലക്കാട് നിന്ന് പ്രതികളെ പിടികൂടുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ഷറഫലിയാണ് കെണിയിൽവീഴ്ത്തിയത്. എല്ലാകാര്യങ്ങൾക്കും സഹായത്തിനായി സുഹൃത്ത് രാഗേഷുമുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലെ സൗഹൃദം ഷറഫലി പ്രണയമായി വളർത്തിയാണ് പെൺകുട്ടിയെ വലയിൽവീഴ്ത്തിയത്. ഇതിനിടെ പ്രതികളായ രണ്ടുപേരും കോഴിക്കോട് എത്തി പെൺകുട്ടിയെ നേരിട്ട് കണ്ടു. പിന്നീടൊരിക്കൽ വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് എറണാകുളത്തേക്കും പെരിന്തൽമണ്ണയിലേക്കും കാറിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കി. രാവിലെ വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടിയെ വൈകിട്ടോടെ പ്രതികൾ കോഴിക്കോട് തിരികെ എത്തിച്ചു.

എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ഷറഫലിയുടെ ഭാവംമാറി. സൗഹൃദസല്ലാപം ഭീഷണിയിലേക്ക് വഴിമാറി. പണവും സ്വർണവും വേണമെന്നും ഇല്ലെങ്കിൽ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഇതിനിടെ പെൺകുട്ടിയുടെ നാലരപവനോളം സ്വർണാഭരണം കൈക്കലാക്കി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് വീട്ടുകാർ ഈ സംഭവങ്ങളെല്ലാം അറിയുന്നത്. പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ വീട്ടുകാരും ഷറഫലിയുമായി സംസാരിച്ചു. എന്നാൽ വീട്ടുകാരെയും പ്രതികൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പോലീസിനെ അറിയിച്ചാൽ പ്രശ്നം ഗുരുതരമാകുമെന്നും പറഞ്ഞു. എന്നാൽ പ്രതികളുടെ ഭീഷണി തുടർന്നതോടെ കുടുംബം കസബ പോലീസിൽ പരാതി നൽകുകയായിരുന്നു.

കസബ സി.ഐ. എൻ. പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ. വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ടെത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:two arrested in kozhikode for raping minor girl after instagram friendship in kozhikode