ചെറുതോണി(ഇടുക്കി): കാറിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ ഉണക്ക കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. വണ്ണപ്പുറം പുളിക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തിൽ വീട്ടിൽ പ്രിൻസ്, ചാവക്കാട് പുന്നയൂർക്കുളം കളരിപ്പറമ്പിൽ വീട്ടിൽ നെസീമ എന്നിവരെയാണ് തങ്കമണി എക്സൈസ് അറസ്റ്റ് ചെയ്തത്.

കഞ്ഞിക്കുഴി ചുരുളിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽനിന്ന് 14,500 രൂപയും കണ്ടെത്തി. ഇരുവരെയും റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.കെ.സുരേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മനോജ് മാത്യു, ജെയ്സൺ, ബിനു ജോസഫ്, ജഗൻകുമാർ, ഷോബിൻ മാത്യു, ആൽബിൻ ജോസ്, ഷീന തോമസ്, പി.കെ.ശശി എന്നിവർ പങ്കെടുത്തു.

നിരോധിത കീടനാശിനിയും മദ്യവുമായി രണ്ടുപേർ പിടിയിൽ

കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യവും നിരോധിത കീടനാശിനികളുമായി രണ്ട് യുവാക്കൾ പിടിയിൽ. പത്തുമുറി മേപ്പാറ സ്വദേശികളായ മുത്തുകുമാർ (32), പ്രകാശ് (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി എട്ടരയ്ക്ക് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികൾ കുടുങ്ങിയത്.

വാഹന പരിശോധനക്കായി ഇവരെ തടഞ്ഞ് ചോദ്യം ചെയ്തു. പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. കാറിന്റെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.595 ലിറ്റർ മദ്യവും 300 കിലോ ഫുരിഡാനും കണ്ടെത്തി. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്നതിനാൽ ഫുരിഡാൻ കേരളത്തിൽ നിരോധിച്ചിട്ടുണ്ട്. കീടനാശിനി കൃഷി വകുപ്പിന് കൈമാറി. മദ്യം കടത്തികൊണ്ട് വന്നതിന് പ്രതികളുടെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്ക് പ്രതികളെ വണ്ടിപ്പെരിയാർ എക്സൈസ് റെയിേഞ്ചാഫീസിലേക്ക് കൈമാറി. ഇൻസ്പെക്ടർ വി.ജെ.റോയ്, രവി വി., രാജ്കുമാർ ബി., സജിമോൻ ജി.തുണ്ടത്തിൽ, അനീഷ് ടി.എ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കും.