മംഗളൂരു: ഹിന്ദുദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ച് വധുവിന്റെ വീട്ടിലേക്ക് വരനെ ആനയിച്ച സംഭവത്തിൽ രണ്ട്‌ മലയാളികൾ അറസ്റ്റിൽ. കാസർകോട്‌ ബായാർപദവ്‌ സ്വദേശി മൊയ്തീൻ മുനീഷ്‌ (19), മംഗൽപാടിയിലെ അഹമ്മദ്‌ മുജീത്‌ബ്‌ (28) എന്നിവരെയാണ്‌ വിട്ട്‌ള പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇരുവരും ഉപ്പള സ്വദേശിയായ വരൻ ഉമറുള്ള ബാസിതിന്റെ കൂട്ടുകാരാണ്‌. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന്‌ പോലീസ്‌ അറിയിച്ചു.

ഉപ്പളയിലെ വരന്റെ വീട്ടിൽനിന്ന് ദക്ഷിണ കന്നഡ വിട്‌ളയിലെ വധുവിന്റെ വീട്ടിലേക്ക് രാത്രി വരൻ പോകുന്ന ചടങ്ങിനിടെയാണ്‌ സംഭവം. വരന്റെ ദേഹമാസകലം ചായം പൂശുകയും കൊറഗജ്ജ വേഷം അണിയിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഹൈന്ദവ സംഘടനാപ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

Content highlights: Two Arrested In Groom Dressing Up As Koragajja Case