ഈറോഡ്: ജയസൂര്യ നായകനായ കറൻസി സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് വെള്ളിയാഴ്ച ഈറോഡ് നടന്നത്. ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നോട്ടിന്റെ പകർപ്പെടുത്ത് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇതുപോലെ ആവശ്യംവരുമ്പോൾ നോട്ടിന്റെ പകർപ്പെടുത്ത് ഉപയോഗിച്ചിരുന്ന രണ്ടുപേരെ പോലീസ് പിടികൂടി. ഫോട്ടോസ്റ്റാറ്റ് മെഷീനുപയോഗിച്ച് ഉണ്ടാക്കിയ 500 രൂപയുടെ കള്ളനോട്ടുകളുമായി മദ്യപിക്കാനെത്തിയ ഈറോഡ് റാംനഗർ സ്വദേശികളായ സവ്ന്ദർ (20), സതീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും ഈറോഡ് നാരായണവളവിലുള്ള ടാസ്മാക് മദ്യക്കടയുടെ സമീപത്തെ ചില്ലിചിക്കൻ കടയിലെത്തി രണ്ട് 500 രൂപ നോട്ടുകൾ അവിടുത്തെ ജീവനക്കാരനെ ഏൽപ്പിച്ച് മദ്യം വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അയാൾ നൽകിയത് കള്ളനോട്ടാണെന്ന് സംശയംതോന്നിയ മദ്യക്കട ജീവനക്കാർ മാണിക്കംപാളയം പോലീസിനെ വിവരമറിയിച്ചു. ഉടൻ പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.
20,100 രൂപയുടെ കള്ളനോട്ടുകൾ, കാർ, ഇരുചക്രവാഹനം, നോട്ടുണ്ടാക്കാൻ ഉപയോഗിച്ച മെഷീൻ എന്നിവ ഇവരിൽനിന്ന് പിടികൂടി.
ഓട്ടോറിക്ഷാ തൊഴിലാളികളായ ഇവർ ലോക്ഡൗണിനെത്തുടർന്ന് വരുമാനം നിലച്ചപ്പോൾ മൂന്നരമാസംമുമ്പാണ് വ്യാജനോട്ടുനിർമാണം തുടങ്ങിയതെന്ന് പോലീസിന് മൊഴിനൽകി. ഇതുവരെ 70,000 രൂപയോളം ഇങ്ങനെ ഉണ്ടാക്കി. എല്ലാം മദ്യം, വസ്ത്രങ്ങൾ, ഭക്ഷണം തുടങ്ങിയ സ്വന്തം ആവശ്യങ്ങൾക്കുമാത്രമാണ് ഉപയോഗിച്ചിരുന്നത്. 100, 200, 500 രൂപയുടെ നോട്ടുകളാണ് ഇവർ വ്യാജമായി ഉണ്ടാക്കി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ കൂടുതൽ ചോദ്യംചെയ്തുവരുന്നു.
Content Highlights:two arrested in erode with counterfeit currency