എരമംഗലം: വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പോലീസ് തിരഞ്ഞിരുന്ന മുഖ്യപ്രതികൾ പിടിയിലായി. പാലപ്പെട്ടി സ്വദേശികളായ കാക്കത്തറയിൽ അജ്മൽ (21), കള്ളിവളപ്പിൽ മുഹമ്മദ് സിയാദ് (21) എന്നിവരെയാണ് പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടർ കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.

പാലപ്പെട്ടി സ്വദേശി മുഹമ്മദ്റാഫിയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. പ്രായപൂർത്തിയാകാത്ത നാളിലാണ് ഇവർ വധശ്രമക്കേസിൽ പ്രതികളാവുന്നത്. തുടർന്ന് വേറേയും കേസുകളിൽ പ്രതികളായിട്ടുണ്ട്.

ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ട ഇരുവരെയും പോലീസ് തിരയുന്നതിനിടെയാണ് പാലപ്പെട്ടിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. ഇതേത്തുടർന്ന് സർക്കിൾ ഇൻസ്പെക്ടർക്കുപുറമെ സബ് ഇൻസ്പെക്ടർമാരായ അനൂപ്, സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, രഞ്ജിത്, വിഷ്ണു, സുനി, വിനീത്, റിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.