മൂവാറ്റുപുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. 

ഇടുക്കി കുടയത്തൂര്‍ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടില്‍ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ സനീഷ്‌മോന്‍ ഡാനിയേല്‍ (37) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പോളണ്ടില്‍ ജോലി വാഗ്ദാനം നല്‍കുകയും സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നല്‍കി ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുകയുമായിരുന്നു ഇവര്‍ ചെയ്തത്. 

തട്ടിപ്പ് നടത്തിയ പ്രതികള്‍ ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 

സംസ്ഥാനത്താകെ നൂറിലേറെ ഉദ്യോഗാര്‍ഥികള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കോടികളാണ് ഇവര്‍ തട്ടിച്ചെടുത്തത്. മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ സിജെ മാര്‍ട്ടിന്‍, എസ്‌ഐ വി.കെ. ശശികുമാര്‍, എ.എസ്.ഐ. സുനില്‍ സാമുവല്‍, രാജേഷ് സി.എം, ജോജി.പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

content highlights: two arrested in connection with poland job fraud