കൊച്ചി: ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. പാറമടയുടെ മാനേജരില്‍ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത് (32), സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടില്‍ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടയ്ക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി: കെ. ബിജുമോന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡി.ഐ.ജി.: എസ്.കാളിരാജ് മഹേഷ് കുമാര്‍, എസ്.പി. കെ. കാര്‍ത്തിക് എന്നിവര്‍ പാറമടയും പരിസരവും സന്ദര്‍ശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്.പി. പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ പാറമടകളില്‍ പരിശോധന തുടരുകയാണ്.
കാലടി എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, ജോണി കെ.പി., എ.എസ്.ഐമാരായ സത്താര്‍, ജോഷി തോമസ്, സി.പി.ഒ. മാരായ മനോജ്, മാഹിന്‍ ഷാ എന്നിവരാണ് പ്രതികളെ പിടിക്കാന്‍ പോലീസ് ടീമിലുണ്ടായിരുന്നത്.
content highlights: two arrested in connection with malayattoor quarry explosion