കൊല്ലം: ജില്ലാ ആശുപത്രിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാക്കളുടെ ആക്രമണം. ഡോക്ടര്‍മാരെയും ജീവനക്കാരെയുമാണ് യുവാക്കള്‍ ആക്രമിച്ചത്. ആക്രമണം തടയാനെത്തിയ പോലീസുകാരെയും മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്മന സ്വദേശി അബു സൂഫിയാന്‍, രാമന്‍കുളങ്ങര സ്വദേശി സുജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. 

ശക്തികുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റാണ് അബു സൂഫിയാനും സുജിത്തും ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. എന്നാല്‍ ഡോക്ടര്‍ ഇവരെ ചികിത്സയ്ക്കുന്നതിനിടെ യുവാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുറിവില്‍ മരുന്ന് പുരട്ടിയത് വേദനിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഡോക്ടര്‍മാരെയും ജീവനക്കാരെയും ഇരുവരും മര്‍ദിച്ചു. ആശുപത്രി ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. 

വിവരമറിഞ്ഞെത്തിയ പോലീസുകാരെയും യുവാക്കള്‍ ആക്രമിച്ചു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തി ബലപ്രയോഗത്തിലൂടെയാണ് യുവാക്കളെ കീഴടക്കിയത്. ഡോക്ടറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

Content Highlights: two arrested from kollam district hospital for attacking doctor and hospital employees