ഭോപ്പാല്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന 22 വയസ്സുകാരിയുടെ പരാതിയിലാണ് രണ്ട് പേരെയും പോലീസ് പിടികൂടിയത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഗര്‍ഹകോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 

പ്രദേശത്തെ ഒരു സ്‌കൂളിലാണ് ക്വാറന്റീന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ദോറില്‍നിന്നെത്തിയ 22 വയസ്സുകാരിയും ഇവിടെയാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കേന്ദ്രത്തിലെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. 

പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: two arrested for shooting bathroom scenes in quarantine centre