താമരശ്ശേരി: പുതുപ്പാടി മണൽവയലിൽ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ്, പി.പി.ഇ. കിറ്റ് ധരിച്ച് കവർച്ചയ്ക്കെത്തിയ യുവാവിനേയും സഹായിയേയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മൂന്ന് ദിവസങ്ങളായി നടത്തിയ പദ്ധതിയാണ് നാട്ടുകാരുടെ ശ്രമഫലമായി തടഞ്ഞത്.

തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ ഇബ്രാഹിം എന്ന അനസ് (29), ഓട്ടോഡ്രൈവർ മാക്കേട്ടിൽ അരുൺ ജോസഫ് (38) എന്നിവരാണ് പിടിയിലായത്. തനിച്ചുതാമസിക്കുന്ന മണൽവയൽ കുമ്പിളിവെള്ളിൽ ഡി.ഡി. സിറിയക്കിന്റെ വീട്ടിലാണ് കവർച്ചാശ്രമം നടന്നത്. പി.പി.ഇ. കിറ്റ്ധരിച്ച്, ആരോഗ്യ വകുപ്പിൽനിന്ന് കോവിഡ് പരിശോധനയ്ക്കാണെന്ന് പറഞ്ഞ് പ്രതികളിൽ ഒരാളായ അനസ് രണ്ടുദിവസം മുൻപ് സിറിയക്കിന്റെ വീട്ടിൽ എത്തിയിരുന്നു. സിറിയക്കിൽനിന്ന് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ പ്രതി ആ സമയം വീടും പരിസരവുമെല്ലാം വീക്ഷിച്ചു. സ്രവപരിശോധനയ്ക്കായി ഇരിക്കണമെന്ന് പറഞ്ഞു. പിന്നീട് കൈവശമുള്ള ബാഗ് നോക്കി സ്രവം എടുക്കാനുള്ള ബഡ്സ് തീർന്നുപോയെന്നും അടുത്തദിവസം രാവിലെ എത്താമെന്നും പറഞ്ഞ് സ്ഥലം വിട്ടു.

പെരുമാറ്റത്തിൽ സംശയം തോന്നിയ സിറിയക് വാർഡ് മെമ്പറെയും ആർ.ആർ. ടി.യേയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഇവർ ആരോഗ്യപ്രവർത്തകൻ വ്യാജനാണെന്ന് തിരിച്ചറിഞ്ഞു. പിറ്റേദിവസം നാട്ടുകാർ പിടികൂടാൻ തയ്യാറായി നിന്നെങ്കിലും ഇയാൾ എത്തിയില്ല.

ശനിയാഴ്ച രാത്രിയോടെ പി.പി.ഇ. കിറ്റ് ധരിച്ച് വീണ്ടും പ്രതിയും സഹായിയും എത്തി. കുളിക്കാനായി സിറിയക് തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഇവരെത്തിയത്. വീടിന് പുറത്തുനിൽക്കുന്ന വിവരം സിറിയക് നാട്ടുകാരെ ഫോൺചെയ്ത് അറിയിക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടു. പന്തിയല്ലെന്ന് കണ്ട് ഓടി അകലെ നിർത്തിയിട്ട ഓട്ടോ വിളിച്ചുവരുത്തി രക്ഷപ്പെടാനുള്ള ശ്രമം നടത്തി. നാട്ടുകാർ ബൈക്കിൽ പിൻതുടർന്ന് ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രതികളെ താമരശ്ശേരി പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.