കോയമ്പത്തൂര്‍:  നഗരത്തിലെ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പോത്തന്നൂര്‍ സ്വദേശി ഇ. വിനോദ് എന്ന മണികണ്ഠന്‍(25) കാര്‍ത്തിക്(22) എന്നിവരെയാണ് സിറ്റി വനിതാ പോലീസ്(ഈസ്റ്റ്) അറസ്റ്റ് ചെയ്തത്. 

ഇന്‍ഷുറന്‍സ് അഡൈ്വസറായി ജോലിചെയ്യുന്ന വിനോദിനെയും രാമനാഥപുരത്തെ കുറിയര്‍ കമ്പനിയില്‍ ജീവനക്കാരനായ കാര്‍ത്തിക്കിനെയും ഇന്‍സ്റ്റഗ്രാം വഴിയാണ് 20 വയസ്സുള്ള വിദ്യാര്‍ഥിനി പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 2021 ജനുവരിയിലാണ് വിനോദുമായി പരിചയത്തിലാകുന്നത്. ഇത് പിന്നീട് പ്രണയമായി. കഴിഞ്ഞ മാര്‍ച്ച് 11-ന് വിനോദ് യുവതിയെ നഗരത്തിലെ ഹോട്ടല്‍മുറിയിലെത്തിച്ച് പീഡിപ്പിച്ചു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയ ശേഷമാണ് പീഡനത്തിനിരയാക്കിയത്. 

ഇതിനിടെ, വിദ്യാര്‍ഥിനിയും വിനോദും ഇന്‍സ്റ്റഗ്രാം വഴി കാര്‍ത്തിക്കിനെയും പരിചയപ്പെട്ടിരുന്നു. മൂവരും കാര്‍ത്തിക്കിന്റെ ഓഫീസില്‍വെച്ച് കാണുന്നതും പതിവായിരുന്നു. ഇവിടെവെച്ചും പ്രതികള്‍ തന്നെ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. കുറിയര്‍ കമ്പനി ഓഫീസില്‍വെച്ച് കാര്‍ത്തിക്കും വിനോദും പലതവണ ലൈംഗികപീഡനത്തിനിരയാക്കി. ഇതിന്റെ വീഡിയോദൃശ്യങ്ങളും പകര്‍ത്തി. സൗഹൃദം ഉപേക്ഷിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

മൂന്നുദിവസം മുമ്പ് വിനോദ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തന്നോടൊപ്പം വന്നില്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെണ്‍കുട്ടി യുവാക്കള്‍ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. 

അറസ്റ്റ് ചെയ്ത രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത പ്രതികളെ ഉദുമല്‍പേട്ട സബ് ജയിലിലടച്ചു. 

Content Highlights: two arrested for raping college student in coimbatore