അഞ്ചല്‍ : ഇരുപത്തിനാലുകോടി രൂപ തരാമെന്നുപറഞ്ഞു വിശ്വസിപ്പിച്ച് കാസര്‍കോട് സ്വദേശിയില്‍നിന്ന് 1.24 കോടി രൂപ തട്ടിയെടുത്ത രണ്ടുപേരെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ നെല്ലിമൂട് ഫാത്തിമ മന്‍സിലില്‍ ഷീബ (42), നാവായിക്കുളം പുതുശ്ശേരിമുക്ക് പുതിയറ അനീഷ് ഭവനില്‍ അനീഷ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് മൂന്നാട് പറയന്‍പള്ളം സ്വദേശിയായ ശശിധരനാണ് തട്ടിപ്പിനിരയായത്. രണ്ടുമാസംമുന്‍പ് ഓണ്‍ലൈന്‍വഴി വന്ന സന്ദേശത്തിലൂടെയാണ് ശശിധരനെ തട്ടിപ്പുസംഘം വലയിലാക്കിയത്. വാട്സാപ്പ് സന്ദേശം വഴി കാര്യങ്ങള്‍ പറഞ്ഞുവിശ്വസിപ്പിച്ചശേഷം ബാങ്കില്‍ പണം നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഏരൂര്‍, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ ബാങ്കുകള്‍ വഴി ശശിധരന്‍ 1.24 കോടി രൂപ അയച്ചുകൊടുത്തു.

ഉദ്യോഗസ്ഥര്‍ക്ക് കുറച്ചു പണം നല്‍കിയാലേ 24 കോടി രൂപ കൈമാറാന്‍ കഴിയൂ എന്നു പറഞ്ഞ് 50 ലക്ഷം രൂപകൂടി സംഘം ആവശ്യപ്പെട്ടു.

സംശയം തോന്നിയ ശശിധരന്‍ കാസര്‍കോട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കാസര്‍കോട് പോലീസ് മേധാവി കൊല്ലം റൂറല്‍ പോലീസിനു വിവരം നല്‍കിയതിന്റെ ഭാഗമായി ഏരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.