പൂന്തുറ: ചാരായം വാറ്റി രഹസ്യവില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. കോവളം ആവാടുതുറ പാലസ് ജങ്ഷനു സമീപം തുണ്ടുവിളയില്‍ രതിന്‍(33) ശ്രീകണ്‌ഠേശ്വരം കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ(35) എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ താമസിക്കുന്ന കമലേശ്വരം ശാന്തിഗാര്‍ഡന്‍സിലെ വാടകവീട്ടിലെ വാറ്റുകേന്ദ്രത്തില്‍നിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ വാഷ്, ഒന്നരക്കിലോയോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന എട്ടുപെട്ടി ഈന്തപ്പഴങ്ങളും കണ്ടെടുത്തു.

കഴിഞ്ഞ പത്തുമാസമായി ഇവര്‍ വാടക വീട്ടില്‍ രഹസ്യമായി ചാരായം വാറ്റുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത് പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് വിറ്റഴിച്ചിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ പോലീസ് സ്ഥലം റെയ്ഡ് ചെയ്ത് പിടികൂടുകയായിരുന്നു.

പൂന്തുറ ഇന്‍സ്‌പെക്ടര്‍ ബി.എസ്.സജികുമാര്‍, എസ്.ഐ.മാരായ വിമല്‍, രാഹുല്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍, ബീനാ ബീഗം, സീനിയര്‍ സി.പി.ഒ. ബിജു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.