തിരുവല്ലം: പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടു യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീൻ(32), സൊഹൈൽ(21) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് നിരോധിത പുകയില ഉത്‌പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിനാണ് ഇരുവരും കാറിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തിരുവല്ലത്തെത്തിയ ശേഷം പുഞ്ചക്കരിയിലേക്കു പോകാനുള്ള വഴി ചോദിച്ചത് നാട്ടുകാരിൽ ചിലരിൽ സംശയമുണ്ടാക്കി. ഇവർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തിരുവല്ലം ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം കാറിനെ പിന്തുടർന്നു. ഇവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

വിവാഹിതനും രണ്ടു മക്കളുമുള്ള ഷിഹാബുദീൻ ഫെയ്സ്ബുക്കിലൂടെ യുവതിയെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയതെന്ന് ഷിഹാബുദീൻ പോലീസിനോടു പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞതിനെ തുടർന്നാണ് യുവതിയുമായി ഇയാൾ അടുത്തത്. തിരുവല്ലം എസ്.ഐ. നിതിൻ നളൻ, ഗ്രേഡ് എസ്.ഐ.മാരായ വേണു, അരുൺ എന്നിവരാണ് ഇരുവരെയും പിടികൂടിയത്.