തിരുവനന്തപുരം: ആന്ധ്രയിൽനിന്ന് കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്ന 405 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കാറിലുണ്ടായിരുന്ന തിരുമല സ്വദേശി ഹരി(27), വള്ളക്കടവ് സ്വദേശി അസ്കർ(22) എന്നിവരെ അറസ്റ്റുചെയ്തു.

അന്തിയൂർക്കോണത്തിനു സമീപം മുക്കംപാലമൂടിനു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കഞ്ചാവുമായി വന്ന കാർ എക്സൈസ് പിന്തുടർന്നു പിടികൂടിയത്. കെ.എൽ. 45 സി 6408 രജിസ്ട്രേഷനുള്ള കാറിൽ ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽനിന്ന് കഞ്ചാവ് കയറ്റിയ കാർ കാര്യവട്ടത്ത് എത്തിക്കാനായിരുന്നു ലഹരികടത്തുകാർ ഇവർക്കു നൽകിയിരുന്ന നിർദേശം. അഞ്ചു ലക്ഷം രൂപയാണ് പ്രതിഫലമെന്ന് പ്രതികൾ എക്സൈസിനോടു പറഞ്ഞു.

ആന്ധ്രയിൽനിന്നുള്ള യാത്രയ്ക്കിടെ ചെന്നൈയിൽവച്ച് ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. സാരമായി കേടുപാടുണ്ടായെങ്കിലും ഇവർ വാഹനം ഓടിച്ചുവരുകയായിരുന്നു. എക്സൈസ് പിടികൂടുന്ന സമയത്തും ഇവർ അമിത വേഗതയിലായിരുന്നു. എക്സൈസിന്റെ വാഹനം കുറുകെയിട്ട് വഴി തടഞ്ഞാണ് ഇവരെ പിടികൂടിയത്. ഇരുവരും ലഹരിയുപയോഗിച്ചിരുന്നതായും സംശയമുണ്ട്. കാറിലുണ്ടായിരുന്ന കഞ്ചാവിന് രണ്ടു കോടി രൂപയോളം വില വരും.

രണ്ടു കാറുകളിലായി 203 കിലോ കഞ്ചാവ് കടത്തവേ ബാലരാമപുരത്തുവച്ച് ആറു മാസം മുമ്പ് പിടിയിലായ സംഘത്തിലെ കൂട്ടാളികൾക്കുവേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർമാരായ ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ്കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർമാരായ ബി.ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.സുബിൻ, എസ്.ഷംനാദ്, ആർ.രാജേഷ്, എം.വിശാഖ്, ജിതേഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനീഷ്, രാജീവ്, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ച ശേഷവും ലഹരികടത്ത് തുടരുന്നുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ മാസം പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽനിന്നായി 175 കിലോ കഞ്ചാവും മൂന്നു വാഹനങ്ങളും പിടികൂടിയിരുന്നു.