തൊടുപുഴ: സമൂഹമാധ്യമംവഴി പ്രണയത്തിലായ 13-കാരിയുടെ നഗ്‌നചിത്രങ്ങള്‍ വാങ്ങി പ്രചരിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. വടക്കന്‍ചേരി ആമക്കുളം ചെമ്പളിയാംകുന്ന് വീട്ടില്‍ വി.ദിലീപ്(23), കിഴക്കംചേരി കുന്നക്കാട് കണ്ണക്കുളം വടക്കേവീട്ടില്‍ സച്ചുവെന്ന അജിത്ത്(22) എന്നിവരാണ് പിടിയിലായത്.

തൊടുപുഴ സ്വദേശിനിയായ 13-കാരിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ്, ഓഗസ്റ്റില്‍ അര്‍ധനഗ്‌ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ അജിത്തിനെയും ഇത് കാണിച്ചു. പിന്നീട് അജിത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതല്‍ ഫോട്ടോ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

തൊടുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി.വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ബൈജു പി.ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും വടക്കന്‍ചേരിയില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോക്‌സോ, ഐ.ടി. നിയമങ്ങള്‍പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ഷാഹുല്‍ ഹമീദ്, എ.എസ്.ഐ. ഷംസുദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡോണ്‍ സെബാസ്റ്റ്യന്‍, ജിന്ന പി.കെ. എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.