കോട്ടയം: നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് മാലയും സ്‌കൂട്ടറും തട്ടിയെടുത്തശേഷം റെയില്‍വേ പാളത്തിന്‌സമീപം കുഴിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കോട്ടയം വടവാതൂര്‍ പുത്തന്‍പുരയ്ക്കല്‍ ജസ്റ്റിന്‍ സാജന്‍ (24), അതിരമ്പുഴ കുട്ടിപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം മുട്ടമ്പലം പരിയരത്തുശ്ശേരി ഡോണ്‍ മാത്യു (25) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജൊ പി.ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. പുതുപ്പള്ളിയിലെ വീടുപണിക്ക് എത്തിയതായിരുന്നു. പണിക്കൂലി വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ കഞ്ഞിക്കുഴി പാലത്തിന് സമീപം തലകറങ്ങിയിരിക്കുന്നതിനിടെ പ്രതികള്‍ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി. ഇയാളെ സ്‌കൂട്ടറില്‍കയറ്റി കോട്ടയം റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡിന് സമീപമെത്തിച്ച് ആക്രമിക്കുകയായിരുന്നു. 

മാലയും കാതിലെ കടുക്കനും പിടിച്ചുപറിച്ചശേഷം രജീഷിനെ റെയില്‍പ്പാളത്തിനുസമീപം കുഴിയിലേക്ക് തള്ളിയിട്ട് പ്രതികള്‍ സ്‌കൂട്ടറുമായി രക്ഷപ്പെട്ടു. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് രണ്ട് പ്രതികളെ പിടികൂടിയത്. ഒളിവില്‍പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരുകയാണ്. പ്രതികള്‍ നേരത്തേ കഞ്ഞിക്കുഴിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത കേസിലും പോലീസ് വാഹനം തകര്‍ത്ത കേസിലും പ്രതികളാണ്. കോട്ടയം ഈസ്റ്റ് എസ്.ഐ. എം.അനീഷ് കുമാര്‍, അഡീഷണല്‍ എസ്.ഐ.മാരായ ഷിബുക്കുട്ടന്‍, ശ്രീരംഗന്‍, രാജ്‌മോഹന്‍, ചന്ദ്രബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.