ഓച്ചിറ : സ്‌കൂട്ടറില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങന്‍കുളങ്ങര നാരായണീയത്തില്‍ സനീഷ് (23), കരുണാലയത്തില്‍ സുമേഷ് (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

കേസിലെ ഒന്നാംപ്രതി സോനു(25)വിനെ പിടികൂടാനായില്ല. ഇയാള്‍ പത്തനംതിട്ട കൊടുമണിലെ ഭാര്യവീട്ടിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അവിടെയെത്തിയെങ്കിലും അതിനുമുന്‍പേ കടന്നുകളഞ്ഞു. സോനുവിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

ഓച്ചിറ ചങ്ങന്‍കുളങ്ങര അഞ്ജലീഭവനത്തില്‍ ഗിരീഷ്‌കുമാറിനും മകള്‍ അഞ്ജലിക്കുമാണ് ക്രൂരമര്‍ദനമേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചങ്ങന്‍കുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്കു പുറകിലെ ഇടറോഡിലാണ് സംഭവം. റോഡില്‍നിന്ന പ്രതികള്‍ സ്‌കൂട്ടറിന്റെ പിന്നില്‍ യാത്രചെയ്ത പെണ്‍കുട്ടിയെ കൈയില്‍പ്പിടിച്ച് താഴെയിടുകയും തുടര്‍ന്ന് തലമുടിക്കുപിടിച്ച് റോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. എതിര്‍ത്ത ഗിരീഷ്‌കുമാറിന് മര്‍ദനത്തെ തുടര്‍ന്ന് കണ്ണിന് സാരമായി പരിക്കേറ്റു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്‍വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. മൂന്നുവര്‍ഷംമുന്‍പ് പ്രതികളും ഗിരീഷ്‌കുമാറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.