കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ പ്രതികളിൽ കിട്ടാനുള്ള രണ്ടുപേരുംകൂടി പിടിയിലായി. ബേപ്പൂർ ചെറുപുരയ്ക്കൽ മൊയ്തീന്റെ മകൻ അബ്ദുൾ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി ബസാർ റോഡ് നവാസിന്റെ മകൻ നിസാമുദ്ദീൻ (24) എന്നിവരാണ് പിടിയിലായത്. ഡി.സി.പി. എസ്. സുജിത്ദാസിന്റെ നിർദേശപ്രകാരം രൂപവത്‌കരിച്ച അന്വേഷണ സംഘമാണ് പ്രതികളെ വയനാട് മേപ്പാടി റിപ്പൺ എസ്റ്റേറ്റിൽവെച്ച് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി അബ്ദുൾ ഗഫൂർ മേപ്പാടിയിൽ പോത്തുകച്ചവടത്തിന് എത്തിയിരുന്നതായി അറിഞ്ഞു. തുടർന്ന് മേപ്പാടി റിപ്പൺ തേയിലത്തോട്ടത്തിൽ നടത്തിയ തിരച്ചിലിൽ പോലീസ് സംഘം രണ്ടുപേരെയും പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളേജ് എസ്.ഐ. ടി.വി. ധനഞ്ജയദാസ്, കസബ എസ്.ഐ. വി. സിജിത്, നടക്കാവ് എസ്.ഐ. എസ്.ബി. കൈലാസ്നാഥ്, എ.എസ്.ഐ.മാരായ മനോജ്, ഷാഫി, അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ. രമേശ്ബാബു, അഖിലേഷ് കുമാർ, സി.പി.ഒ. മാരായ സുജിത്, ഷഹീർ, സുമേഷ്, ശ്രീജിത്ത്, ഷാഫി, ജോമോൺ, പ്രശാന്ത്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights:two accused escaped from kuthiravattom mental hospital caught by police from wayanad