തൃശ്ശൂര്‍: കുപ്രസിദ്ധമായ തുണ്ടം ആനവേട്ടക്കേസ് എങ്ങുമെത്താതെ വിസ്മൃതിയിലേക്ക്. കോടിക്കണക്കിനു രൂപയുടെ കൊമ്പുവില്‍പ്പന സംബന്ധിച്ച കേസാണ് എങ്ങുമെത്താതെ പോകുന്നത്.

elephant2014-15 കാലയളവില്‍ 29 കാട്ടാനകളെ കൊമ്പിനായി കൊന്നെന്നാണ് കേസ്. ഒരാനയെ കൊന്നതിനു മാത്രമാണ് ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ. അന്വേഷണവും ആരംഭിച്ചിട്ടില്ല.

വേട്ടയില്‍ പങ്കെടുത്തയാളിന്റെ മൊഴിയിലൂടെ ആരംഭിച്ച കേസന്വേഷണം അന്താരാഷ്ട്ര ബന്ധമുള്ള പ്രതികളിലേക്കുവരെ നീണ്ടു. അന്വേഷണത്തിനിടെ പ്രതികളിലൊരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 

ഒരു കിലോ ആനക്കൊമ്പിന് എഴുപത്തിയയ്യായിരം രൂപയോളം കള്ളക്കടത്തു വിപണിയില്‍ വിലയുണ്ട്. ഒരാനയുടെ രണ്ടുകൊമ്പുകള്‍ക്കുകൂടി 100 കിലോവരെ ഭാരമുണ്ടാകാം. ഇത്തരത്തില്‍ 29 ആനകളുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടുവെന്ന മൊഴിയാണ് എങ്ങുമല്ലാതായിപ്പോയത്.

സംഭവത്തില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ളവര്‍വരെ അറസ്റ്റുചെയ്യപ്പെട്ടു. ആനവേട്ട സംബന്ധിച്ച് മൊഴിനല്‍കിയവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്നും പരാതിയുണ്ടായി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇതു സി.ബി.ഐ.ക്കുവിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ, സി.ബി.ഐ.യ്ക്ക് രേഖകള്‍ കൈമാറുകയോ അവര്‍ അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ല.

അതിരപ്പിള്ളി, വാഴച്ചാല്‍, ഇടമലയാര്‍, പൂയംകുട്ടി തുടങ്ങിയ വനമേഖലകളിലെ ആനത്താരകളിലാണ് ഇത്രയും ആനകള്‍ കൊല്ലപ്പെട്ടത്. 2015ല്‍ പുറത്തുവന്ന സംഭവത്തില്‍ കേസെടുത്ത് കുറ്റപത്രം വരാന്‍ വൈകിയതോടെ അറസ്റ്റിലായിരുന്ന 36 പേരില്‍ മിക്കപ്രതികളും പുറത്തിറങ്ങി. 

സമാനമായ ആനവേട്ടകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നു സംശയിക്കുംവിധമാണ് പുറത്തുവരുന്ന കണക്കുകള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തിലെ കാടുകളില്‍ മുന്നൂറോളം കൊമ്പന്‍മാര്‍ ചരിഞ്ഞെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ തെളിവുസഹിതം പറയുന്നു. എല്ലാ ആനകളും ചരിഞ്ഞത് ആനപ്പോരുമൂലമോ വരള്‍ച്ചമൂലമോ ആണെന്നാണ് വനംവകുപ്പിന്റെ നിലപാട്.