കോയമ്പത്തൂർ: നഗരത്തെ ഭീതിയിലാഴ്ത്തിയ ട്രൗസർ കവർച്ചാസംഘത്തിലെ പ്രധാനിയെ ശിങ്കാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി പന്തല്ലൂർ എരുമാട് തിരുമംഗലം കോളനിയിലെ വീരമണിയെയാണ് (38) പോലീസ് പിടികൂടിയത്.

ഒരു മാസത്തോളമായി സൂളൂർ, പീളമേട്, ശിങ്കാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അർധരാത്രി കഴിഞ്ഞാൽ ട്രൗസർ മാത്രം ധരിച്ച് കൈയിൽ ടോർച്ചുമായി നാലോ അഞ്ചോ പേർ ചേർന്ന സംഘം വീടുകൾക്കുമുന്നിലൂടെ നടന്നുപോകുന്നത് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രദേശത്തെ ചില വീടുകളിൽ കവർച്ച നടക്കുകയും ചിലയിടങ്ങളിൽ മോഷണശ്രമങ്ങൾ നടക്കുകയും ചെയ്തെങ്കിലും ആരെയും പിടികൂടാൻ സാധിച്ചിരുന്നില്ല. സി.സി.ടി.വി.യിൽ നടന്നുപോകുന്ന ദൃശ്യമുണ്ടെങ്കിലും മോഷണശ്രമത്തിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. മുഖവും വ്യക്തമായിരുന്നില്ല.

വെള്ളിയാഴ്ച ശിങ്കാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുഗൂരിൽ നാലോളം വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. റോഡുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ രണ്ടുപേർ ക്യാമറയിൽനിന്ന് മുഖം തിരിച്ച് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ചില വീടുകളിൽ ശബ്ദം കേട്ട് ലൈറ്റിട്ടപ്പോൾ ആളുകൾ ഓടിപ്പോകുന്നതും കണ്ടെത്തി. തുടർന്ന് സിറ്റി പോലീസ് നാല് പ്രത്യേകസംഘങ്ങളെ മോഷ്ടാക്കളെ പിടികൂടാൻ നിയോഗിച്ചു.

ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ എസ്.ഐ.എച്ച്.എസ്. കോളനിയിൽ പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയപ്പോൾ ഒരാൾ ഇരുട്ടിലേക്ക് മാറിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വീരമണിയായിരുന്നു അത്. ഇയാളെ പിടികൂടി ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടെ അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചു. പോലീസ് പിന്തിരിഞ്ഞ് മറ്റൊരു ഭാഗത്ത് കാത്തുനിന്നപ്പോൾ അയാൾ വീണ്ടും പുറത്തിറങ്ങി. പിന്നീട് എസ്.ഐ.മാരായ അർജുൻ, രാജേഷ് കുമാർ എന്നിവരടങ്ങുന്ന എട്ടംഗ പോലീസ് സംഘം സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇന്നലെ ലഭിച്ച സി.സി.ടി.വി. ദൃശ്യം ചേർത്ത് ആളെ പരിശോധിച്ചപ്പോഴാണ് ട്രൗസർ കവർച്ചാസംഘത്തിലെ പ്രധാനിയാണെന്ന് കണ്ടെത്തിയത്. കൂടെയുള്ളവർ രക്ഷപ്പെട്ടെന്ന് കരുതുന്നു. വീരമണിയെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു.

Content Highlights:trouser robbery gang in coimbatore