ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥിനി സഫൂറ സര്‍ഗറിനെ അധിക്ഷേപിച്ചുള്ള ട്രോളുകളില്‍ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷന്‍. ഗര്‍ഭിണിയായ യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനെയും അടക്കം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്രോളുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഡല്‍ഹി പോലീസിന് നോട്ടിസ് അയച്ചു.
ഗര്‍ഭിണിയായ സഫൂറ സര്‍ഗര്‍ ജയിലിലാണ്. അവര്‍ കുറ്റവാളിയാണോ അല്ലയോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഒരു ഗര്‍ഭിണിയായ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോളുകള്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണ്. ഈ ട്രോളുകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്ലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്- സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥിനി സഫൂറ സര്‍ഗറിന്റെ തിഹാര്‍ ജയില്‍വാസം മൂന്നാഴ്ച പിന്നിട്ടു. ഗര്‍ഭിണിയായ സഫൂറയ്ക്ക് വൈകാതെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാര്‍.
#SafooraZargar is pregnant & in jail. Whether she is guilty or not, will be decided by court.
— Swati Maliwal (@SwatiJaiHind) May 6, 2020
But the way trolls have outraged her modesty and vilified a pregnant woman’s character is shameful!
Issued Notice to Delhi Police Cyber Cell to imm take action against the trolls. pic.twitter.com/lpjFUCkVK1
ഇതുവരെയുള്ള ജയില്‍വാസത്തിനിടെ സഫൂറയുമായി രണ്ടു തവണ മാത്രമാണ് സംസാരിക്കാന്‍ സാധിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു. പണമോ കത്തുകളോ അയക്കാന്‍ കോവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഉന്നയിച്ച് ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും പേരു വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത ഭര്‍ത്താവ് വ്യക്തമാക്കി.
ഏപ്രില്‍-13-നാണ് 27 വയസ്സുകാരിയായ എം.ഫില്‍ വിദ്യാര്‍ഥിനി സഫൂറയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. എഫ്.ഐ.ആറില്‍ പേരില്ലെന്നും മൂന്നു മാസം ഗര്‍ഭിണിയാണെന്നും ഉന്നയിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് സഫൂറയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു.
Voices from across the country.
— AISA (@AISA_tweets) May 7, 2020
Online sexual harassment of #SafooraZargar must stop!
Those involved in maligning her and running hate campaign against her, including @KapilMishra_IND, must be arrested.#WithSafooraAgainstSlander pic.twitter.com/4JBD44RwGR
ജയിലില്‍ സഫൂറയുടെ സ്ഥിതി മോശമാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍, സഫൂറയ്ക്ക് 'കുഴപ്പമില്ലെന്ന്' ഡല്‍ഹി ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. ജയിലില്‍ ഡോക്ടറുടെ സേവനമുണ്ട്. സഫൂറയുടെ ആരോഗ്യസ്ഥിതിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ആഹാരക്രമത്തില്‍ എന്തെങ്കിലും മാറ്റം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ അതിനുവേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.
ഡല്‍ഹി കലാപത്തില്‍ സഫൂറയ്ക്ക് പുറമേ ജാമിയ വിദ്യാര്‍ഥിയായ മീരാന്‍ ഹൈദര്‍, ജാമിയ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഷിഫ ഉര്‍ റഹ്മാന്‍, ജെ.എന്‍.യു. പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദ് തുടങ്ങി ഒമ്പതോളം പേരെ യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്തിട്ടുണ്ട്. അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് 'നായാട്ട് ' നടത്തുകയാണെന്നും അതിനാല്‍ ഇവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
Content Highlights: trolls and online harassment against safoora zargar; dwc seeks action