തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി അറസ്റ്റിലായ ജീവനക്കാരൻ സമ്മതിച്ചു. ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റായിരുന്ന എം.ആർ. ബിജുലാലാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തിയത്. ഉദ്യോഗസ്ഥർ കണ്ടെത്തിയ രണ്ട് കോടിയുടെ തട്ടിപ്പിന് പുറമേ 74 ലക്ഷം രൂപ കൂടി തിരിമറി നടത്തിയതായും ഇയാൾ വെളിപ്പെടുത്തി.
ഏപ്രിൽ, മെയ് മാസങ്ങളിലായാണ് 74 ലക്ഷം രൂപയുടെ തിരിമറി നടത്തിയത്. പലതവണ ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയിട്ടുണ്ട്. ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം മാറ്റിയത്. തട്ടിയെടുത്ത പണത്തിൽ കൂടുതലും ഓൺലൈൻ റമ്മി കളിക്കാനാണ് ഉപയോഗിച്ചത്. മാത്രമല്ല, ഭൂമിയും സ്വർണവും വാങ്ങിയതായും പ്രതി പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ഒളിവിൽപോയ എം.ആർ. ബിജുലാലിനെ വഞ്ചിയൂർ കോടതിക്ക് പിറകിലെ ഒരു അഭിഭാഷകന്റെ ഓഫീസിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങാൻ വന്ന ഇയാളെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അന്വേഷണസംഘമെത്തി പിടികൂടുകയായിരുന്നു. ട്രഷറിയിൽനിന്ന് പണം തട്ടിയിട്ടില്ലെന്നും ഓൺലൈൻ റമ്മി കളിച്ചുണ്ടാക്കിയ പണമാണ് അക്കൗണ്ടിലുള്ളതെന്നുമായിരുന്നു പിടിയിലായ വേളയിൽ ഇയാൾ പറഞ്ഞത്.
ഏകദേശം രണ്ട് കോടിയോളം രൂപ ബിജുലാൽ ട്രഷറിയിൽനിന്ന് തട്ടിയെടുത്തെന്നാണ് നേരത്തെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ തവണ പണം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലോടെ വിശദമായ അന്വേഷണം നടത്തിയേക്കും. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ ബിജുലാലിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ പ്രതി മുൻകൂർജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
Content Highlights:trivandrum vanchiyoor treasury fraud accused bijulal revealed more details