തിരുവനന്തപുരം: പേട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പോലീസ്. അനീഷ് ജോര്‍ജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നത്. സംഭവദിവസം അര്‍ധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടതെന്നും പോലീസ് പറയുന്നു. 

അനീഷിനെ പ്രതിയായ സൈമണ്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളാണ് പോലീസ് അന്വേഷണത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. 

രാത്രി ഒന്നരമണി വരെ അനീഷും പെണ്‍സുഹൃത്തും ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രണ്ട് മണിയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കുണ്ടായെന്നറിഞ്ഞ് വന്നതല്ല. വീടിന്റെ പിന്‍വശത്തെ കാടുമൂടി കിടക്കുന്ന വഴിയിലൂടെ രഹസ്യമായാണ് യുവാവ് വന്നതെന്നും പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

ഒരുമണിക്കൂറോളം കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് സൈമണ്‍ ലാലന്‍ അറിയുന്നത്. തുടര്‍ന്ന് മകളുടെ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ അനീഷിനെ കണ്ടത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടൊപ്പം അനീഷിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യവുമാണ് കൊലപാതകത്തില്‍ എത്തിയതെന്നും പോലീസ് പറയുന്നു. 

കൊലപാതകത്തിന് മുമ്പ് വീട്ടില്‍ വഴക്ക് നടന്നതിന് തെളിവില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീട്ടില്‍നിന്ന് ബഹളമോ മറ്റുശബ്ദങ്ങളോ കേട്ടില്ലെന്നാണ് അയല്‍ക്കാരുടെയും മൊഴി. അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ബിയര്‍ കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. യുവാവിന്റെ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. 

Content Highlights: Trivandrum Pettah Aneesh George Murder Case; Police rejects allegations raised by Aneesh's family