ശ്രീകാര്യം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ഡ്യൂട്ടി കഴിഞ്ഞു കാറില്‍ പോകുകയായിരുന്ന രണ്ടു ഡോക്ടര്‍മാരെ ബൈക്കിലെത്തിയ സംഘം ക്രൂരമായിമര്‍ദിച്ചു. പി.ജി. ഡോക്ടര്‍മാരായ നിധിന്‍, വിപിന്‍ എന്നിവരെ തലയ്ക്കും മുഖത്തും സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ കൊച്ചുള്ളൂരിലായിരുന്നു സംഭവം.
ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സംഘമാണ് ആക്രമണം നടത്തിയത്. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്ന് ഉള്ളൂര്‍ വരെ ഇവര്‍ ബൈക്ക് അഭ്യാസം തുടര്‍ന്നു. കൊച്ചുള്ളൂരിന് സമീപം വെച്ച് ഡോക്ടര്‍മാര്‍ വന്ന കാര്‍ ഹോണ്‍ മുഴക്കി. ഇതില്‍ പ്രകോപിതരായി ബൈക്ക് യാത്രികര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഡോക്ടര്‍മാരെ കാറില്‍ നിന്നും പുറത്തിറക്കി തലയ്ക്കും മുഖത്തും ക്രൂരമായി മര്‍ദിക്കുകയും കല്ലെടുത്ത് തലയ്ക്കിടിക്കുകയും ചെയ്തു. കാറിന്റെ താക്കോല്‍ എടുത്ത് അക്രമികള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടര്‍മാരില്‍ ഒരാള്‍ ഒരു ബൈക്കിന്റെ താക്കോല്‍ ഊരി എറിഞ്ഞു. ഇതിനിടെ ഇതുവഴി മറ്റു യാത്രക്കാര്‍ എത്തിയതോടെ അക്രമികള്‍ താക്കോല്‍ നഷ്ടമായ ബൈക്ക് ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഈ സമയം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലേക്കും എമര്‍ജന്‍സി നമ്പറിലേക്കും യാത്രക്കാര്‍ വിളിച്ചെങ്കിലും പോലീസ് എത്തിയില്ല.
ഇതിനിടെ ശ്രീകാര്യം ഭാഗത്തേക്കു പോയ കാര്‍ യാത്രികര്‍ പോങ്ങുംമൂട് ജങ്ഷനിലുണ്ടായിരുന്ന ശ്രീകാര്യം പോലീസിന്റെ പട്രോളിങ് സംഘത്തെ വിവരം അറിയിച്ചു.
ശ്രീകാര്യം പോലീസ് എത്തിയതിനു പിന്നാലെ മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റു സ്റ്റേഷനുകളില്‍ നിന്നും പോലീസ് വാഹനങ്ങളെത്തി. തുടര്‍ന്ന് പരിക്കേറ്റ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ ഉപേക്ഷിച്ചു പോയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ ഡോക്ടര്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചുവെന്നും അക്രമികളെ തിരിച്ചറിഞ്ഞതായും മെഡിക്കല്‍ കോളേജ് പോലീസ് പറഞ്ഞു.
Content Highlights: trivandrum medical college doctors attacked in sreekaryam