കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിനല്‍കാതെ പ്രതികളടക്കമുള്ളവര്‍. നോട്ടീസ് നല്‍കി 90 ദിവസം കഴിഞ്ഞിട്ടും ഭൂരിഭാഗംപേരും പ്രതിചേര്‍ക്കാതിരിക്കാന്‍ കാരണം ബോധിപ്പിച്ചില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയാണ്.

വിദേശത്തുള്ളവരുടെ നോട്ടീസിനാകട്ടെ, പ്രതികരണംപോലും ഉണ്ടായിട്ടില്ല. ഇതോടെ നേരിട്ട് വിചാരണയ്ക്ക് സാമ്പത്തിക കോടതിയെ സമീപിക്കണോ അതോ മറുപടി സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കണോയെന്ന ആലോചനയിലാണ് കസ്റ്റംസ്.

കേസില്‍ ജൂണ്‍ 16-നാണ് പ്രതികളുള്‍പ്പെടെ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് എന്നിവര്‍ക്ക് വിദേശകാര്യമന്ത്രാലയം മുഖേനയും നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കാനുള്ള കാലാവധി 90 ദിവസം വരെയാണ് നീട്ടിനല്‍കാവുന്നത്. ചൊവ്വാഴ്ചയോടെ ഈ സമയപരിധി പൂര്‍ത്തിയായി.

സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍, മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയ 26 പ്രതികള്‍ക്കും സ്വര്‍ണക്കടത്തുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടവര്‍ക്കും സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥര്‍ സഹായിച്ചു എന്ന് ആരോപിക്കപ്പെടുന്ന എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ, ഇത്തിഹാദ് എയര്‍വേസ് എന്നീ വിമാനക്കമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.

സ്വര്‍ണക്കടത്ത് അന്വേഷണത്തിന് നേതൃത്വംനല്‍കിയ പ്രിവന്റീവ് മുന്‍ കമ്മിഷണര്‍ സുമിത് കുമാര്‍ സ്ഥലംമാറിപ്പോയതോടെ പുതിയ കമ്മിഷണര്‍ കേസ് ആദ്യം മുതല്‍ പഠിക്കേണ്ട സ്ഥിതിയിലാണ്.

പ്രതികളില്‍ നിന്നുള്‍പ്പെടെ മറുപടി ലഭിച്ചാല്‍ അവരെ ഓരോരുത്തരെയായി വിളിപ്പിച്ച് തീരുമാനമെടുക്കണം. ഇതിനുശേഷമാണ് ആരെയൊക്കെ പ്രതിചേര്‍ക്കണമെന്ന് തീരുമാനിച്ച് സാമ്പത്തിക കോടതിയില്‍ വിചാരണയ്ക്ക് ക്രിമിനല്‍ പരാതി സമര്‍പ്പിക്കേണ്ടത്.