മംഗലപുരം: ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ച് ജൂവലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്കു സമീപം വച്ചാണ് ജൂവലറി ഉടമ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവര്‍ന്നത്. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ജൂവലറികള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് സംഘം ആക്രമിച്ചത്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് ജൂവലറി ഉടമ എത്തിയത്. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയതാണ് അക്രമിസംഘം.

ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തുവെന്നാണ് കേസ്.

നാലു മാസം മുമ്പ് തക്കലയില്‍ വച്ച് സമാനമായ രീതിയില്‍ വ്യാപാരിയായ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഈ സംഭവത്തിലെ പ്രതികളാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

കസ്റ്റഡിയിലുള്ളവരില്‍ സമ്പത്തിന്റെ മുന്‍ ഡ്രൈവര്‍ ഗോപനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് 37പവനും പണവും നഷ്ടപ്പെട്ടു; ജീവനക്കാരനെ തിരയുന്നു

കുഴിത്തുറ : മാര്‍ത്താണ്ഡം വടക്ക് തെരുവിലെ സ്വര്‍ണാഭരണ നിര്‍മാണശാല (പട്ടറ)യില്‍ നിന്ന് 37 പവന്‍ ആഭരണങ്ങളും 1,40,000 രൂപയും കാണാനില്ലെന്ന് പരാതി. തൃശ്ശൂര്‍ സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ള പട്ടറയില്‍നിന്നാണ് ആഭരണങ്ങളും പണവും കാണാതായത്. 80 പവന്‍ ആഭരണങ്ങള്‍ ഒരുക്കിവെച്ചിരുന്നതില്‍ 37 പവന്‍ കാണാനില്ലെന്നാണ് മനോജ് മാര്‍ത്താണ്ഡം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഞായറാഴ്ച വൈകുന്നേരത്തോടെ, മറ്റു ജൂവലറികളിലേക്ക് കൊണ്ടുപോകാന്‍ എടുക്കുമ്പോഴാണ് 37 പവന്‍ ആഭരണങ്ങളുടെ കുറവ് കാണപ്പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നിരുന്നു.

പട്ടറയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി സഞ്ജയ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരാണുള്ളത്. ഞായറാഴ്ച മനോജ് പട്ടറയില്‍ എത്തുമ്പോള്‍ സഞ്ജയ് ഉണ്ടായിരുന്നില്ല. മാര്‍ത്താണ്ഡം പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. സംഭവത്തെത്തുടര്‍ന്ന് കാണാതായ ജീവനക്കാരനെ പോലീസ് തിരയുകയാണ്.