തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നേമം മേഖലാ ഓഫീസിലെ കാഷ്യര്‍ വെള്ളായണി ഊക്കോട് ഊക്കോട്ടുകോണം ശരണ്യ നിവാസില്‍ എസ്.സുനിത(39)യെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയശേഷം ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി. വ്യാജരേഖ ചമയ്ക്കുക, അത് അസല്‍ രേഖയാണെന്ന വ്യാജേന ഉപയോഗിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കോര്‍പ്പറേഷന്‍ നേമം മേഖലാ ഓഫീസിലെ ചില ജീവനക്കാരെ വിളിച്ചുവരുത്തി ഇവരുടെ ഒപ്പമിരുത്തി ചോദ്യംചെയ്തു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സുനിതയോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് നേമം പോലീസ് പറഞ്ഞു. ഓഫീസ് സൂപ്രണ്ട് ശാന്തിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒളിവിലാണെന്നും മൊബൈല്‍ ടവര്‍, കോള്‍ ലൊക്കേഷന്‍ എന്നിവ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്നും നേമം പോലീസ് പറഞ്ഞു. രണ്ടുപേരും ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും നേമം പോലീസ് പറഞ്ഞു.

ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നേമം മേഖലാ ഓഫീസില്‍ 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയത്.

2020 ജനുവരി 24 മുതല്‍ 2021 ജൂലായ് 14 വരെയുള്ള ഒന്നരവര്‍ഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. ബാങ്കിന്റെ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫീസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നതെന്ന് നേമം പോലീസ് കണ്ടെത്തിയിരുന്നു.

ഈ വ്യാജ കൗണ്ടര്‍ ഫോയില്‍ നിര്‍മിക്കാന്‍ പ്രതികള്‍ക്ക് മറ്റാരുെടയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും.