അഗർത്തല: ത്രിപുരയിൽ രഹസ്യബന്ധം ആരോപിച്ച് നാട്ടുകാര്‍ മുടിമുറിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്ത യുവതി ജീവനൊടുക്കി. ദക്ഷിണ ത്രിപുരയിലെ ബേട്ടാഗ ഗ്രാമത്തിലെ 23 വയസ്സുകാരിയാണ് ജീവനൊടുക്കിയത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ നാല് സ്ത്രീകളടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസിൽ തെളിവുകൾ ശേഖരിച്ചതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും സൗത്ത് ത്രിപുര എസ്.പി. ഡോ.കുൽവാന്ത് സിങ് പറഞ്ഞു. സംഭവത്തിൽ കൂടുതൽപേർ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയത്. മറ്റൊരു യുവാവുമായുള്ള രഹസ്യബന്ധത്തെച്ചൊല്ലി യുവതിയെ പരസ്യമായി അപമാനിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ പരാതി.

യുവതിയുടെ രഹസ്യബന്ധം ഗ്രാമത്തിലെ നാട്ടുകൂട്ടത്തിൽ ചർച്ചയായിരുന്നു. തുടർന്ന് വിഷയത്തിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ യുവതിയുടെ  രഹസ്യവീഡിയോ ഗ്രാമത്തിലെ ചന്തയിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു. ഇതിനുപിന്നാലെ നാട്ടുകാർ സംഘടിച്ച് യുവതിയുടെ വീട്ടിലെത്തി. തുടർന്ന് യുവതിയെ ചെരിപ്പുമാല അണിയിക്കുകയും മുടി മുറിക്കുകയും ചെയ്തു. ശേഷം ശരീരത്തിൽ കയർ കെട്ടി നഗ്നയായി ഗ്രാമത്തിലൂടെ നടത്തിച്ചു. രഹസ്യബന്ധത്തിന്റെ പേരിലാണ് നാട്ടുകാർ ഇത്തരത്തിൽ ക്രൂരമായി ശിക്ഷിച്ചത്. തുടർന്ന് വീട്ടിൽ തിരികെയെത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ചില അയൽക്കാർക്കെതിരേ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് നാട്ടുകാരുടെ ക്രൂരതയും ആത്മഹത്യയും പുറംലോകമറിയുന്നത്. ഇത് മാധ്യമങ്ങളിലും വാർത്തയായി. തുടർന്നാണ് ഹൈക്കോടതിയും ഇടപെട്ടത്.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചീഫ് സെക്രട്ടറി, ഡി.ജി.പി, എസ്.പി. എസ്.ഡി.പി.ഒ. തുടങ്ങിയവർക്ക് നോട്ടീസ് അയച്ചു. എത്രയുംവേഗം റിപ്പോർട്ട് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എത്രയും വേഗം ഈ കക്ഷികൾ കോടതിയിൽ മറുപടി നൽകണമെന്നും വാർത്തകൾ മാത്രം അടിസ്ഥാനമാക്കി കോടതിക്ക് നടപടിക്ക് സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാർത്തകളിൽ റിപ്പോർട്ട് ചെയ്തത് സത്യമാണെങ്കിൽ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിതെന്നും കോടതി പറഞ്ഞു. വാർത്തകളിൽ പ്രതിപാദിക്കുന്ന വീഡിയോകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights:tripura woman commits suicide after being paraded naked over illicit relationship